സെമിനാറില്‍ പങ്കെടുത്താലും ഇല്ലെങ്കിലും കെ.വി തോമസിന് എതിരെ നടപടി: കെ. സുധാകരന്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ കെ വി തോമസ് പങ്കെടുത്താലും ഇല്ലെങ്കിലും നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തോമസിന്റേത് അച്ചടക്ക ലംഘനമാണ്. ഇനി ആശയവനിമയത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ കെപിസിസി നടപടി എടുത്തതിന് ശേഷം എഐസിസിയുടെ തീരുമാനത്തിന് വിടും. തുടര്‍ നടപടികള്‍ എന്താണെന്ന് ആലോചിച്ച് തീരുമാനിക്കും. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വാഭാവിക പ്രതികരണം മാത്രമാണ് നടത്തിയത്. എന്താണ് ഭീഷണിപ്പെടുത്തിയത് എന്ന് കെ വി തോമസ് പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സെമിനാറില്‍ പങ്കെടുക്കുമെന്ന് ഇന്ന് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കെ വി തോമസ് അറിയിച്ചത്. കണ്ണൂരില്‍ പോയാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും എന്നാണ് ഭീഷണി. അത് ശരിയാണോ എന്നാലോചിക്കണം. ഞാന്‍ ഈ പാര്‍ട്ടിയില്‍ നൂലില്‍ കെട്ടി ഇറക്കിയ ആളല്ല. എന്നിട്ടും എന്നെ അപമാനിക്കാമോ? ഈ അപമാനം സഹിക്കാന്‍ കഴിയില്ലെന്നും കെ വി തോമസ് പറഞ്ഞിരുന്നു.

താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകില്ല. പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണെന്നാണ് കെ വി തോമസ് വ്യക്തമാക്കിയത്.

Read more

അതേസമയം ഇടതുപക്ഷവുമായി സഹകരിക്കാന്‍ തീരുമാനിച്ചാല്‍ കെ വി തോമസിനെ സ്വീകരിക്കുമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ വി തോമസ് വഴിയാധാരമാകില്ലെന്ന് എം എ ബേബി എം വി ജയരാജന്‍ എന്നിവരടക്കമുള്ള നേതാക്കളും നേരത്തെ പറഞ്ഞിരുന്നു.