കുടുംബവും കെ.എം ഷാജിയും എം.കെ മുനീറും പിന്തുണ നൽകി; മുഈൻ അലിക്കെതിരെ നടപടിയില്ല

മുസ്ലീം ലീ​ഗ് നേതൃത്വത്തിനും പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷ വിമർശനമുയർത്തിയ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈൻ അലിക്ക് എതിരെ പാർട്ടി നടപടി എടുക്കില്ല.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ കൂടിയായ മുഈൻ അലി തങ്ങൾക്ക് വേണ്ടി കുടുംബവും കെ.എം ഷാജിയും എം.കെ മുനീറും പൂർണ്ണ പിന്തുണ നൽകി.

എന്നാൽ മുഈൻ അലിയുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാനും തീരുമാനമായി. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഈനലി നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയർത്തിയത്.

ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയിൽ പിതാവ് ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ടില്ലെന്നും മുഈനലി പറഞ്ഞിരുന്നു.

നേരത്തെ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അൻവർ സാദത്തും മുഈൻ അലിക്ക് പിന്തുണ നൽകിയിരുന്നു. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അൻവർ സാദത്തിൻറെ ഫേസ് ബുക്ക് പോസ്റ്റ്.

മുഈൻ അലി ഉയർത്തിയ പ്രശ്നങ്ങൾ ലീഗ് ഗൗരവത്തിൽ ചർച്ച ചെയ്യണമെന്നും പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു. മുഈൻ അലിയെ അധിക്ഷേപിച്ചയാൾക്ക് എതിരെ നടപടി വേണമെന്നും ഇത്തരം വൃത്തികേടുകൾ പാർട്ടിയിൽ പാടില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.