പൊലീസുകാരുടെ ഗതാഗത നിയമലംഘനത്തിൽ നടപടി എടുക്കാത്തതിന് എസ്പിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിപി. പൊലീസുകാരുടെ ഗതാഗത നിയമലംഘനത്തിനുള്ള പിഴയടച്ച് റിപ്പോർട്ട് ചെയ്യാൻ വൈകിയതിനാലാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പിഴയടക്കാൻ വൈകുന്നതിലെ കാരണം അറിയിക്കണമെന്നാണ് ആവശ്യം.
പിഴയടച്ച് 10 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഡിജിപി രണ്ടുമാസം മുമ്പ് ജില്ലാ പൊലീസ് മേധാവിമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ നിർദേശം ആരും പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാണിക്കൽ നോട്ടീസ് നൽകിയത്. ഗതാഗത നിയമലംഘനത്തിനുള്ള നാലായിരം പെറ്റി നോട്ടീസുകൾ പൊലീസുകാർ അടക്കാത്ത വാർത്ത കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്.
പൊലീസ് ആസ്ഥാനത്തും നിയമലംഘകർ കുറവല്ലെന്നും 42 പേർ നിയമലംഘനം നടത്തിയെന്നും റിപ്പോർട്ട് വന്നിരുന്നു. 32 പേർ പിഴയടച്ചു. ബാക്കിയുള്ളവ പിഴ അടയക്കാനുള്ള നടപടി സ്വീകരിക്കുന്നുവെന്നാണ് വിവരാവകാശ പ്രകാരം പൊലിസ് ആസ്ഥാനത്ത് നിന്നുള്ള മറുപടി. പൊലിസ് ആസ്ഥാനത്തേക്കെത്തിയ പെറ്റികളെല്ലാം കൂട്ടത്തോടെ പിഴയടക്കാനായി ഓരോ ജില്ലകള്‍ക്കും കൈമാറിയിരുന്നു. ആരോണോ നിയമലംഘനം നടത്തിയത് അവരെ കൊണ്ട് പിഴയടിപ്പിച്ച് വിവരം പത്ത് ദിവസത്തിനുള്ളിൽ അറിയിക്കാൻ പൊലീസ് ആസ്ഥാന എഡിജിപി എസ് ശ്രീജിത്ത്, കഴിഞ്ഞ വർഷം നവംബർ 21നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് കത്തയച്ചത്.
രണ്ടുമാസം കഴിഞ്ഞിട്ടും മറുപടി ഇല്ലാതെ വന്നതോടെയാണ് കാരണം കാണിക്കൽ നോടീസ് നൽകിയത്. പിഴയുടെ കൃത്യമായ എണ്ണമോ എത്ര പേർ പിഴയച്ചുവെന്ന കൃത്യമായ കണക്കോ പൊലീസ് ആസ്ഥാനത്ത് ക്രോഡീകരിച്ചില്ല. ഈ കണക്കിന് വേണ്ടിയാണ് ഓരോ ജില്ലകളിൽ നിന്നും പ്രത്യേക ഫോർമാറ്റിൽ കണക്ക് ചോദിച്ചത്. കാരണം കാണിക്കൽ നോട്ടീസ് ലഭിതച്ചതോടെ ചിലർ മറുപടി നൽകി തുടങ്ങി. 263 പെറ്റിയിൽ 68 പേർ പിഴ അടച്ചുവെന്നും അടയക്കാത്തവർക്കെതിരെ നടപടി എടുക്കുന്നുവെന്നാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നൽകിയ മറുപടി.