ശശി തരൂര്‍ എംപി പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എംപി ഹൈക്കമാൻഡിന് കത്തയച്ചു. തരൂരിനെ വിലക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ എന്നിവര്‍ക്കാണ് കത്തയച്ചത്.
യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ നേരത്തെ എംകെ രാഘവന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടിട്ടുണ്ട്.
തരൂരിന്റെ പരിപാടി യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍ എസ് നുസൂറും നേരെത്തെ രംഗത്തുവന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍.എസ് നുസൂര്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന് പരാതി നല്‍കിയിരുന്നു.
ആര് പറഞ്ഞിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും പിന്മാറിയതെന്ന് അറിയണം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നില്‍ നിന്ന് കുത്തുന്നവരെ തിരിച്ചറിയാനെങ്കിലും അന്വേഷണം ഉപകരിക്കുമെന്ന് നുസൂര്‍ പറഞ്ഞു.