സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ നടപടി; വരാഹി സിഇഒ അഭിജിത്തിനെ ചോദ്യം ചെയ്യാൻ വിളിച്ചു

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ, സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ നടപടിയുമായി പൊലീസ്. വരാഹി അസോസിയേറ്റ്സ് സി ഇ ഒ അഭിജിത്തിനെ തൃശൂർ ഈസ്റ്റ് പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്സായിരുന്നു.

പൂരനഗരിയിലെത്താൻ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷാണ് പൊലീസിന് പരാതി നൽകിയത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്നത് അഭിജിത്തിന്റെ നേതൃത്വത്തിലാണ്. അഭിജിത്താണ് സുരേഷ് ഗോപിയെ പൂരം ദിവസം രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് എത്തിച്ചത്.

കേസിൽ തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ ആംബുലൻസ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയിരുന്നു. ചികിത്സാ ആവശ്യങ്ങൾക്കായുള്ള ആംബുലൻസ് മറ്റുവാഹനമായി ഉപയോഗിച്ചതിനാണ് സുരേഷ് ഗോപിക്കെതിരെ പരാതി. സംഭവം തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതിന് ശേഷമാണ് ഉണ്ടായത്. പ്രശ്‌നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആരോഗ്യപ്രശ്നം കാരണമാണ് സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയതെന്നായിരുന്നു ബിജെപിയുടെ വാദം.