ഷൈന്‍ ടോം ചാക്കോ പുറത്തേക്ക്; ലഹരി കേസില്‍ നടന് സ്റ്റേഷന്‍ ജാമ്യം; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്

ലഹരി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിനിമ താരം ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷന്‍ ജാമ്യമാണ് താരത്തിന് ലഭിച്ചത്. വൈദ്യ പരിശോധനയ്ക്ക് ശേഷം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെയാണ് നടപടിക്രമങ്ങള്‍ക്ക് ശേഷം ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്നാണ് പൊലീസ് നിര്‍ദ്ദേശം.

എന്‍ഡിപിഎസ് ആക്ട് 27ബി, 29, ബിഎന്‍സ് 238 വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. രണ്ടാഴ്ച കൂടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും എപ്പോള്‍ വിളിച്ചാലും വരണമെന്നുമുള്ള വ്യവസ്ഥകളിലാണ് ജാമ്യം. രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ ഷൈനെ വിട്ടയയ്ക്കുകയായിരുന്നു.

മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് പറയുന്ന പൊലീസ്, ഷൈനിനെ ഇനിയും വിളിച്ചുവരുത്തുമെന്നും അറിയിച്ചു. ലഹരി പരിശോധനയുടെ ഫലം വരുന്ന മുറയ്ക്കായിരിക്കും വിളിപ്പിക്കുക. നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടനെതിരെ കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.

മൂന്ന് വകുപ്പുകള്‍ ഷൈനിനെതിരെ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടന് ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനക്കാരനായ സജീറുമായി പരിചയമുണ്ടെന്ന് നടന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.