'ദിലീപ് ഹരിശ്ചന്ദ്രനല്ല'; താരത്തിനെതിരെ വാക്കുകള്‍ കടുപ്പിച്ച് പ്രോസിക്യൂഷന്‍

നടിയെ അക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ദിലീപും പ്രോസിക്യൂഷനും. കേസില്‍ തനിക്കെതിരായ കുറ്റപത്രം അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ അങ്കമാലി കോടതിയില്‍ നടന്ന വാദത്തില്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രോസിക്കൂഷന്‍ നടത്തിയിരിക്കുന്നത്.

ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കൂടാതെ ഫോണ്‍ രേഖകളടക്കം ദിലീപാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിന്റെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയുന്നത് ഈ മാസം 23 ലേക്ക് മാറ്റി.

പൊലീസ് ക്ലബിന്റെ സമീപത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കട പോലുമില്ല. പോലീസ് ക്ലബില്‍ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് കുറ്റപത്രം ചോര്‍ന്നത് എന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. നടിയെ അക്രമിച്ച കേസില്‍ ദിലീപ് അടക്കം 12 പ്രതികള്‍ക്കെതിരായ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പാണ് ചോര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് ദിലീപ് ഹര്‍ജി നല്‍കിയത്.

നിര്‍ണായക രേഖകള്‍ കോടതിയില്‍ അപേക്ഷ നല്‍കി വാങ്ങിയ ദിലീപ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ദിലീപ് ഹരിശ്ചന്ദ്രന്‍ ചമയേണ്ടെന്നാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ വക്കീല്‍ വാദിച്ചത്.

കുറ്റപത്രം ചോര്‍ന്നതായി ദിലീപ് ആരോപിക്കുന്ന ദിവസത്തില്‍ പത്രങ്ങളിലും ചാനലുകളിലും വന്ന വാര്‍ത്തകള്‍ പെന്‍ഡ്രൈവിലാക്കി ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ എത്തിച്ചിരുന്നു.