Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപും പള്‍സര്‍ സുനിയും കോടതിയില്‍ ഹാജരാകാന്‍ സാധ്യത

, 8:14 am

കൊച്ചിയില്‍ വച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്ന എട്ടാം പ്രതി നടന്‍ ദിലീപും ഇന്നും കോടതിയില്‍ ഹാജരാകാന്‍ സാധ്യത. കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ന് കോടതി കേസിലെ വിചാരണ തീയതി നിശ്ചയിക്കാനാണ് സാധ്യത. പള്‍സര്‍ സുനിയടക്കമുള്ള കേസിലെ പല പ്രതികളും നിലവില്‍ റിമാന്‍ഡിലാണ്. ഇവര്‍ക്ക് കോടതി പ്രൊഡക്ഷന്‍ വാറന്റ് നല്‍കിയിട്ടുണ്ട്. അതേ സമയം നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ജാമ്യത്തിലാണ്. ഇവര്‍ക്കു കോടതി സമന്‍സും അയച്ചിരുന്നു.

നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി, തമ്മനം മണപ്പാട്ടിപ്പറമ്പില്‍ മണികണ്ഠന്‍, കതിരൂര്‍ മംഗലശേരി വി.പി. വിജേഷ്, ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാമ്പറമ്പില്‍ സലിം, തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ്, കണ്ണൂര്‍ ഇരിട്ടി പൂപ്പള്ളിയില്‍ ചാര്‍ലി തോമസ്, പത്തനംതിട്ട കോഴഞ്ചേരി സ്‌നേഹഭവനില്‍ സനില്‍കുമാര്‍, കാക്കനാട് ചെമ്പുമുക്ക് കുന്നത്തുവീട്ടില്‍ വിഷ്ണു, ആലുവ ചുണങ്ങംവേലി ചെറുപറമ്പില്‍ അഡ്വ. പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വേ പാന്തപ്ലാക്കല്‍ അഡ്വ. രാജു ജോസഫ് എന്നിവരാണ് ദിലീപിനും പള്‍സര്‍ സുനിക്കും പുറമെയുള്ള പ്രതികള്‍.

ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നാം പ്രതി സുനി അടക്കം ഏഴു പേര്‍ക്കെതിരേയാണ് പോലീസ് ആദ്യ കുറ്റപത്രം നല്‍കിയിരുന്നത്. പിന്നീട് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ക്കെതിരേ അനുബന്ധ കുറ്റപത്രം നല്‍കുകയായിരുന്നു.

Advertisement