നടിയെ ആക്രമിച്ച കേസ്; കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത

നടിയെ ആക്രമിച്ച കേസിൽ കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത. മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്.

പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹർജി. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു. ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. കേസിൽ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അവർ ആരോപിച്ചത്. അതിനുശേഷം അടുത്തിടെ ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വീണ്ടും ദിലീപിന് അനുകൂലമായി ശ്രീലേഖ രംഗത്ത് വന്നിരുന്നു.

അതേസമയം ഇതേ കേസിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അതിജീവിത കത്തയച്ചിരുന്നു. സുപ്രീം കോടതിക്കും ഹൈകോടതിക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കത്തിൽ അതിജീവിത പറയുന്നു. മെമ്മറി കാർഡ് തുറന്നതിലും നടപടിയില്ലെന്നും കത്തിലുണ്ട്. നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തിനില്‍ക്കെയാണ് അതിജീവിതയുടെ നടപടി.

മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ലെന്നും ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ലെന്നും കത്തിൽ പറയുന്നുണ്ട്. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടതെന്നും അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത കത്തിൽ പറയുന്നു.