നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികൾ പുരോഗമിക്കുന്നത്. ഇന്നാരംഭിക്കുന്ന പ്രൊസിക്യൂഷൻ വാദം രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും. ജനുവരി മധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയേക്കും.
കേസിൽ നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളുണ്ട്. കേസിൽ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപ് പ്രതിചേർക്കപ്പെട്ടത്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലാത്സംഗത്തിനിരയായത്.
2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് പരാതി അയച്ചിരുന്നു.
മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചായിരുന്നു അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Read more
ഇതിനിടെ കേസിൽ കോടതിയലക്ഷ്യ ഹർജിയും അതിജീവിത നൽകിയിട്ടുണ്ട്. മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്.