നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നല്‍കിയ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്ര കാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നതില്‍ വിചാരണ കോടതിയില്‍ നിന്ന് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നല്‍കിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നില്‍ എത്തും.
അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ നടപടികള്‍ നീളാതിരിക്കാന്‍ കേസില്‍ ഒരു തവണ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
തന്റെ മുന്‍ ഭാര്യയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പൊലീസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്.
അതിനിടെ കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരായ പരാമര്‍ശത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പ് പറഞ്ഞു. ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍ ഹാജരായപ്പോഴായിരുന്നു വിശദീകരണം.