നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നൽകി. ഒന്നരമാസം കൂടിയാണ് സമയം നീട്ടി നൽകിയത്. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം 30-ന് അവസാനിച്ചതിനാലാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയത്.
തുടർ അന്വേഷണത്തിൽ ദിലീപിനും കൂട്ട് പ്രതികൾക്കെതിരെയും നിരവധി കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിചാരണക്കോടതിയിലുള്ള, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായതിനാൽ ഫൊറൻസിക് പരിശോധന ആവശ്യമാണെന്നും നിലവിൽ ലഭിച്ച ഡിജിറ്റൽ രേഖകളുടെ പരിശോധന പൂർത്തിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ സമയം നീട്ടിച്ചോദിച്ചത്. ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്.
അത് ഇതുവരേയും പരിശോധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അത് വിശ്വസനീയമല്ലന്നും. ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലന്നും, വിവരങ്ങൾ മുഴുവനായും ലാബിൽ നിന്നും ലഭിച്ചതാണ്. പിന്നെ എന്തിനാണ് തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കുന്നതെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്.