നടി സനുഷയ്‌ക്കെതിരായ അക്രമം; പ്രതിയുടെ വാദം കേട്ടാല്‍ ഞെട്ടും

ട്രെയിന്‍ യാത്രക്കിടെ യുവനടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വ്യത്യസ്ത പ്രതികരണവുമായി പ്രതി ആന്റോ ബോസ്. ബ്ലഡ് ഷുഗര്‍ നിലയില്‍ വ്യത്യാസം ഉണ്ടായപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നാണ് പ്രതിയുടെ വാദം. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതി ആന്റോ ബോസിനെ തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയ്യാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സനുഷയുടെ പരാതിയിന്മേല്‍ തൃശൂര്‍ റെയില്‍വേ പോലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്‌സ്പ്രസിലായിരുന്നു സംഭവം. എസി എവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനുഷയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഷൊര്‍ണ്ണൂരിനും തൃശൂരിനും ഇടയില്‍ പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം നടക്കുന്നത്. നടി റെയില്‍വെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ഇയാളെ പിടികൂടുകയായിരുന്നു.

Read more

അതേസമയം സനുഷ കാണിച്ച ധൈര്യത്തെ ഡിജിപി ലോക് നാഥ് ബെഹ്‌റ അഭിനന്ദിച്ചു. അഭിനന്ദനമറിയിച്ചുകൊണ്ട് നടിക്ക് കത്തയക്കുമെന്നും ഡിജിപി പറഞ്ഞു. സംഭവമുണ്ടായപ്പോള്‍ ട്രെയിനുള്ളില്‍ നടിയെ സഹായിക്കാന്‍ രണ്ടു പേരൊഴികെ മറ്റാരും തയ്യാറാകാത്തത്‌ ഞെട്ടിപ്പിച്ചുവെന്നും ഇത്തരം അവസ്ഥകള്‍ കേരളത്തിന് ചേര്‍ന്നതല്ലെന്നും ബെഹ്‌റ പറഞ്ഞു.