തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഔദ്യോഗികമായി പരാതി നൽകി. 2009ൽ കടവന്ത്രയിലെ അപ്പാർട്ട്‌മെൻ്റിലാണ് സംഭവം നടന്നതെന്ന് മിത്ര കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പാലേരി മാണിക്യം – ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ എന്ന ചിത്രത്തിൻ്റെ ചർച്ചയ്ക്കെന്ന വ്യാജേനയാണ് യുവതിയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്.
രഞ്ജിത്ത് താമസിച്ചിരുന്ന കടവന്ത്രയിലെ അപ്പാർട്ട്‌മെൻ്റിൽ കൂടിക്കാഴ്ചയ്ക്കിടെ, ലൈംഗിക ഉദ്ദേശത്തോടെ യുവതിയുടെ കൈകളിലും ശരീരഭാഗങ്ങളിലും സ്പർശിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. രഞ്ജിത്തിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥയായ നടി അപ്പാർട്ട്മെൻ്റിൽ നിന്ന് ഇറങ്ങി താൻ താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയാതായി മൊഴി നൽകി. അടുത്ത ദിവസം സുഹൃത്തും തിരക്കഥാകൃത്തുമായ ജോഷി ജോസഫിൻ്റെ സഹായത്തോടെ അവർ കൊൽക്കത്തയിലേക്ക് മടങ്ങി. മടങ്ങിപ്പോകാനുള്ള വിമാന ടിക്കറ്റ് പോലും നൽകിയില്ലെന്ന് യുവതി ആരോപിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മിത്ര തൻ്റെ ആരോപണം ഉന്നയിച്ചത്. ചലച്ചിത്ര-സാംസ്‌കാരിക രംഗത്തെ പ്രതിഷേധം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കടുത്ത സമ്മർദത്തെ തുടർന്ന് ഞായറാഴ്ചയാണ് രഞ്ജിത്ത് രാജി പ്രഖ്യാപിച്ചത്.