സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ‘മിത്ത്’ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില പ്രതികരണവുമായി നടി അനുശ്രീ. ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാല്‍ സഹിക്കുമോയെന്നും അനുശ്രീ ചോദിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി.
ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്. നമ്മള്‍ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും അനുശ്രീ പ്രസംഗത്തില്‍ പറഞ്ഞു.
അതേസമയം, കേരളത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാന്‍ പറ്റാത്ത സാഹചര്യമാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പറഞ്ഞതിനു വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവര്‍ത്തകനാണു താനെന്നും എ.എന്‍.ഷംസീര്‍ പറഞ്ഞു.
സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം നല്‍കി പ്രസംഗിക്കവേയാണു ഷംസീറിന്റെ പരാമര്‍ശം. ഗണപതി മിത്താണെന്ന സ്പീക്കറുടെ പരാമര്‍ശം വലിയ വിവാദമാകുകയും യോജിച്ചും വിയോജിച്ചും പ്രതികരണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.