ബി.സന്ധ്യയുടെ'നോട്ടം' ഇനി നടി ആക്രമിക്കപ്പെട്ട കേസിലില്ല; സ്ഥലം മാറ്റത്തോടെ അന്വേഷണ ചുമതല ആര്‍ക്കെന്ന കാര്യത്തില്‍ അവ്യക്തത

കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ മേല്‍നോട്ടച്ചുമതല ഉണ്ടായിരുന്ന എഡിജിപി ബി.സന്ധ്യ മാറ്റിയതോടെ കേസിന്റെ അന്വേഷണ ചുമതല ഇനി ആര്‍ക്കെന്നകാര്യത്തില്‍ അവ്യക്തത. ഒരു വര്‍ഷത്തിലേറെയായി ദക്ഷിണ മേഖല എഡിജിപി സ്ഥാനത്തു തുടര്‍ന്ന ബി. സന്ധ്യയെ ക്രമസമാധാന ചുമതലയില്‍നിന്നു നീക്കി താരതമ്യേന അപ്രധാന പദവിയായ പൊലീസ് ട്രെയിനിങ് കോളജിന്റെ തലപ്പത്താണു നിയമിച്ചിരിക്കുന്നത്. ഇത് നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാലിപ്പോള്‍ നടന്നത് സ്വാഭാവിക മാറ്റമെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വിവാദമായിരുന്ന പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം, നടിയെ ആക്രമിച്ച കേസ് തുടങ്ങിയവയുടെയെല്ലാം മേല്‍നോട്ടച്ചുമതല സന്ധ്യയ്ക്കായിരുന്നു. ഇൗ രണ്ടു കേസുകളിലും അവര്‍ നടത്തിയ അന്വേഷണം പ്രശംസ പിടിച്ചു പറ്റിയിരുന്നു. ബി.സന്ധ്യക്ക് പകരം അനില്‍കാന്താണ് പുതിയ ദക്ഷിണമേഖല എഡിജിപി. അദേഹത്തിന് നടി ആക്രമിക്കപ്പെട്ട കേസിന്റെ മേല്‍നോട്ടചുമതല ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല. ഇതാണ് നടി ആക്രമിക്കപ്പെട്ടകേസിന്റെ അന്വേഷണം താളംതെറ്റുമെന്നുള്ള ആരോപണം ഇയര്‍ന്നിരിക്കുന്നര്.

കൊച്ചി റേഞ്ച് ഐജിയായിരുന്ന പി. വിജയന്‍ പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷന്‍ ചുമതലയുള്ള ഐജിയാവും. പകരം വിജയ് സാഖറെയാണ് കൊച്ചി റേഞ്ച് ഐജിയാവുന്നത്. മൂന്ന് എഡിജിപിമാരെ പരസ്പരം മാറ്റിയുള്ള ഇപ്പോളത്തെ അഴിച്ചുപണിക്ക് പിന്നാലെ കൂടുതല്‍ മാറ്റങ്ങള്‍ പൊലീസ് തലപ്പത്ത് ഉടനുണ്ടായേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.