എഡിജിപി എം ആർ അജിത്കുമാർ ആര്‍എസ്എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടിയെന്ന് പി വി അന്‍വര്‍. പുനർജനി കേസിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണ് സതീശൻ മുഖ്യമന്ത്രിക്ക് മേല്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മൊഴി നൽകാനായി മലപ്പുറം ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് പിവി അൻവർ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്.
എഡിജിപി എം ആര്‍ ആജിത് കുമാറുമായി പ്രതിപക്ഷ നേതാവിന് ബന്ധമുണ്ടെന്നും പി വി അന്‍വര്‍ ആരോപിച്ചു. അജിത് കുമാറിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള വാര്‍ത്താസമ്മേളനം വിളിക്കുന്നതിന് തൊട്ടുമുന്‍പ് ആ വിവരം തനിക്ക് ലഭിച്ചു. ഇക്കാര്യം അജിത് കുമാറിന്റെ സൈബര്‍ സംഘം അറിഞ്ഞു. ഇതിന് ശേഷം പ്രതിപക്ഷ നേതാവും എം ആര്‍ അജിത് കുമാറും ചര്‍ച്ച നടത്തിയെന്നും പി വി അന്‍വര്‍ പറഞ്ഞു.
പുനര്‍ജനി കേസില്‍ ഇഡി അന്വേഷണം നടത്തിയാല്‍ കുടുങ്ങുമെന്ന് വി ഡി സതീശനറിയാം. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് സതീശന്‍ നടത്തുന്നത്. കേസില്‍ സതീശനെ സഹായിക്കാമെന്നുള്ള ധാരണ മുന്‍പേയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്കനുകൂലമായ ഫലം ഇതിന് തെളിവാണ്. മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വോട്ട് കുറഞ്ഞിട്ടില്ല. വോട്ട് പൂര്‍ണമായും പോയത് കോണ്‍ഗ്രസില്‍ നിന്നാണെന്നും പി വി അന്‍വര്‍ പറഞ്ഞു.
അതേസമയം പൊലീസിനെതിരെ പരാതി അറിയിക്കാൻ താൻ കൊണ്ടുവന്ന പുതിയ വാട്സ് ആപ് നമ്പറിൽ തെളിവുകൾ കിട്ടിക്കൊണ്ടിരിക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു. ഇന്നലെ പുറത്തിറക്കിയ വാട്സ്ആപ്പ് നമ്പറിൽ ഇരുന്നൂറോളം വിവരങ്ങൾ ലഭിച്ചു. പൊലീസിലെ 10 ശതമാനം ക്രിമിനലുകളാണ് ജില്ലയിൽ പരാതി കൈകാര്യം ചെയ്യുന്നത്. വാട്‌സ്ആപ്പ് നമ്പറിൽ ലഭിച്ച പരാതികൾ എല്ലാം പാർട്ടിക്കാരുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കും. കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അൻവർ കൂട്ടിച്ചേർത്തു.