പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ശ്രീജിത്തിന്റെ അധികാരങ്ങള്‍ വെട്ടികുറച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അഡ്മിനിസ്‌ട്രേഷന്‍ ഹെഡായി എഡിജിപി എസ് ശ്രീജിത്തിന്റെ നിയമനം ആഭ്യന്തരവകുപ്പില്‍ കനത്ത അതൃപ്തി ഉണ്ടാക്കിയതിന് പിന്നാലെയാണ് പൊലീസ് സേനയിലെ വമ്പന്‍ അഴിച്ചുപണി. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ ഉള്‍പ്പെടെ സകല ഫയലുകളും ഇനി മുതല്‍ എസ് ശ്രീജിത്തിന് മുന്നിലേക്ക് വിടേണ്ടയെന്നാണ് പൊലീസ് മേധാവിയുടെ ഉത്തരവ്. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ ഉള്‍പ്പെടെ സകല ഫയലുകളും ഇനി മുതല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.ജി.പി സതീഷ് ബിനോയെയാണ് കൈകാര്യം ചെയ്യാന്‍ ഡിഐജി ഏല്‍പ്പിച്ചിരിക്കുന്നത്.
സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ തന്നെ അസാധാരണമായ നടപടിയാണിത്. പൊലീസ് സേനയിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് വലിയ രീതിയില്‍ ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥന്റെ അധികാരം വെട്ടിക്കുറച്ചതിലേക്കെത്തിച്ച നടപടി ആഭ്യന്തരവകുപ്പില്‍ നിര്‍ണായകമാണ്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഇടപെടലാണ് എസ് ശ്രീജിത്തിന്റെ പൊലീസ് ആസ്ഥാനത്തെ നിയമനത്തിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പ്രത്യേകതാല്‍പര്യത്തിലാണ് അതീവ നിര്‍ണായക സ്ഥാനത്തേക്ക് വിജിലന്‍സ് കേസില്‍ പ്രതി കൂടിയായ ശ്രീജിത്ത് നിയമിതനായതെന്നാണ് ആരോപണം. താഴേതട്ടിലുള്ള പൊലീസുകാര്‍ക്ക് പോലും അനഭിമതനായ ശ്രീജിത്തിന്റെ അധികാരം വെട്ടിക്കുറച്ചു കൊണ്ടുള്ള ഉത്തരവ് പൊലീസ് സേനയില്‍ പുകഞ്ഞ അതൃപ്തി തണുപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
Office Order No. 122/2024/PHQ, എന്ന ഉത്തരവ് എഡിജിപി ഹര്‍ഷിത അട്ടല്ലൂരിയാണ് പൊലീസ് മേധാവിയ്ക്ക് വേണ്ടി ഇറക്കിയിരിക്കുന്നത്. ഈ ഉത്തരവ് പ്രകാരം ശ്രീജിത്തിന് പ്രധാനമായും രണ്ട് ചുമതലകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഒന്ന് മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട ഫയലുകളുടെ മേല്‍നോട്ടമാണ്. മറ്റൊന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെ മാത്രമുള്ളഫോണ്‍ നിരീക്ഷണവും.
പിണറായിയെ പ്രതിനായകനാക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ; നിയമനങ്ങളിലെ കൈകടത്തലിൽ പി ശശിക്കെതിരെ പൊലീസ് സേനയിലും വൻ അതൃപ്തി; പൊളിറ്റിക്കൽ സെക്രട്ടറി സിപിഎമ്മിന് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചെറുതല്ല
രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി സെക്ഷന്റെ ചുമതലയില്‍ നിന്നും ശ്രീജിത്തിനെ മാറ്റിയത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ആവശ്യം പരിഗണിച്ചാണെന്നാണ് സൂചന. വിജിലന്‍സ് കേസില്‍ ഉള്‍പ്പെടെ പ്രതിയായ ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാക്കിയതില്‍ കടുത്ത അമര്‍ഷം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കടക്കം ഉണ്ടായിരുന്നു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആയിരിക്കെ, മന്ത്രി കെ ബി ഗണേഷ് കുമാറിനോട് അപമര്യാദയായി പെരുമാറി എന്ന ആരോപണവും അടുത്തയിടെ ശ്രീജിത്തിനെതിരെ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ഉദ്യോഗസ്ഥനെ മാറ്റാന്‍ വകുപ്പ്മന്ത്രി തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇതേ തുടര്‍ന്നാണ് ശ്രീജിത്തിനെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായുള്ള സൗഹൃദം എസ് ശ്രീജിത്തിന് പൊലീസ് ആസ്ഥാനത്ത് തന്നെ നിയമനത്തിന് അവസരം നല്‍കി. ഇതോടെ ഐ.പി.എസ് ഉദ്യോഗര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ശക്തമായി. ഇതോടെ ഡി.ജി.പി തന്നെ നേരിട്ട് ഇടപെട്ട് എ.ഡി.ജി.പി അഡ്മിനിസ്‌ട്രേഷന്റെ അധികാരം വെട്ടിച്ചുരുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. ഇപ്പോള്‍ ശ്രീജിത്തിനേക്കാള്‍ വളരെ ജൂനിയറായ ഡി.ഐ.ജി സതീഷ് ബിനോയ്ക്ക് ആണ് പൊലീസ് ആസ്ഥാനത്ത് ഫലത്തില്‍ അധികാരം കൂടുതല്‍ ഉള്ളത്.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കോടതി ഉത്തരവിന്റെ ബലത്തില്‍ സംസ്ഥാന പൊലീസ് മേധാവിയായി ടി.പി സെന്‍കുമാര്‍ വന്നപ്പോള്‍, പൊലീസ് ആസ്ഥാനത്ത് സര്‍ക്കാര്‍ താല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ മുഖ്യമന്ത്രി നിയോഗിച്ചിരുന്നു. ഇത് പിന്നീട് തച്ചങ്കരിയും സെന്‍കുമാറും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ വരെ കലാശിച്ചിരുന്നു. അന്ന് തച്ചങ്കരി ഇരുന്ന കസേരയിലാണ് ഇപ്പോള്‍ പ്രത്യേകിച്ച് ഒരു അധികാരവുമില്ലാതെ എഡിജിപി ശ്രീജിത്തിന് ഇരിക്കേണ്ടി വന്നിരിക്കുന്നത്.