പാലക്കാട് 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി പൊലീസ്. കൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയിലെ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാട്ടേയക്ക് പുറപ്പെട്ടു. ഡിജിപി അനില്‍കാന്തിന്റെ അടിയന്തര നിര്‍ദ്ദേശ പ്രകാരമാണ് എഡിജിപി പാലക്കാട് എത്തുന്നത്.
വിജയ് സാഖറെയുടെ നേതൃത്വത്തില്‍ സുരക്ഷ വിപുലീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. അദ്ദേഹം പാലക്കാട് ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതിനും മേല്‍നോട്ടം വഹിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാലക്കാട്ടേയ്ക്ക് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. എറണാകുളം റൂറലില്‍ നിന്ന് കെഐപി വണ്ണിന്റെ ബറ്റാലിയണ്‍ പാലക്കാട്ടേയ്ക്ക് പുറപ്പെട്ടു.300 പൊലീസുകാരാണ് സംഘത്തിലുണ്ടാകുക.
അതേ സമയം എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എസ്ഡിപിഐ, ആര്‍എസ്എസ് നേതാക്കള്‍ക്ക് സംരക്ഷണം നല്‍കും. ജില്ലകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്നലെ എലപ്പുള്ളിയില്‍ കൊലചെയ്യപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജില്ലാ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു. കനത്ത പൊലീസ് സുരക്ഷയിലാണ് വിലാപയാത്ര.
പാലക്കാട് 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാലക്കാട് മേലാമുറിയില്‍ വച്ച് ആര്‍എസ്എസ് നേതാവിനെ അഞ്ചംഗ സംഘം വെട്ടിക്കൊന്നത്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട്ടെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. രണ്ട് ബൈക്കിലായെത്തിയ അഞ്ചംഗ അക്രമി സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. കടമുറിയില്‍ കയറി വെട്ടുകയായിരുന്നു. ശ്രീനിവാസന്റെ പോസ്റ്റ്മോര്‍ട്ടം നാളെ നടത്തും.
ഇന്നലെ ഉച്ചയ്ക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈര്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു. കൊലയാളി സംഘത്തിനായുള്ള പൊലീസിന്റെ തിരച്ചില്‍ പുരോഗമിക്കുകയാണ്.