ഇടുക്കിയില്‍ വഴിയില്‍ നിന്ന് കിടന്ന് കിട്ടിയതെന്ന് പറഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. മദ്യം വഴിയില്‍ കിടന്നു കിട്ടിയതല്ലന്നും സുഹൃത്ത് വാങ്ങി വിഷം ചേര്‍ത്തു നല്‍കിയതാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
മദ്യത്തില്‍ വിഷം കലര്‍ത്തിയ കീരിത്തോട് സ്വദേശി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോന്‍ (40) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു. മദ്യം കഴിച്ച മനോജ്, അനു എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്. മനോജിനെ വക വരുത്താനാണ് സുധീഷ് മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കുഞ്ഞുമോന്‍ ഇതില്‍ അറിയാതെ ഉള്‍പ്പെടുകയായിരുന്നു.
മനോജുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സുധീഷ്, റം പൈന്റ് വാങ്ങി അടപ്പില്‍ ഓട്ടയിട്ട് സിറിഞ്ച് ഉപയോഗിച്ച് വിഷകീടനാശിനി കലര്‍ത്തി. തുടര്‍ന്ന് ഈ സുഷിരം മെഴുക് വച്ച് അടച്ചു. വഴിയില്‍ കിടന്നുകിട്ടിയ കുപ്പിയെന്ന് പറഞ്ഞ് മനോജിനെ വിളിച്ചുവരുത്തി കുടിപ്പിക്കുകയായിരുന്നു. എന്നാല്‍, മനോജിന്റെ കൂടെ സുഹൃത്തുകളായ അനുവും കുഞ്ഞുമോനും എത്തിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.
മദ്യം കുടിച്ച ശേഷം മൂവര്‍ക്കും ഛര്‍ദ്ദിയും ക്ഷീണവും വന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുമെന്നും പൊലീസ് കസ്റ്റഡിയില്‍ എടുക്കുമെന്ന് വ്യക്തമായതോടെ സുധീഷ് മദ്യക്കുപ്പി കത്തിച്ചുകളയാനും ശ്രമിച്ചു. ഒടുവില്‍ ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ വിപുലമായ ചോദ്യം ചെയ്യലിലാണ് പ്രതിയായ സുധീഷ കുറ്റം സമ്മതിച്ചത്.