ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതിയ കേസില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രണ്ടാം പ്രതി. ചലച്ചിത്ര സംവിധായിക അപര്‍ണ സെനാണ് ഒന്നാം പ്രതി. നടിയും സംവിധായികയുമായ രേവതി അഞ്ചാം പ്രതിയും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ഒന്‍പതാം പ്രതിയുമാണ്. ഗാന്ധി ജയന്തി ദിനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ ദാരുണമായ സംഭവങ്ങൾക്ക് വഴിവെയ്ക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജൂലൈ 23- ന് അയച്ച കത്തിൽ രാജ്യത്ത് ‘ജയ് ശ്രീ റാം’ ഒരു പ്രകോപനപരമായ യുദ്ധവിളി ആയി മാറിയെന്നും “വിയോജിപ്പില്ലാതെ ജനാധിപത്യം ഇല്ല” എന്നും എഴുതിയിരുന്നു. ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്‌ണൻ, ശ്യാം ബെനഗൽ, അപർണ സെൻ, അനുരാഗ് കശ്യപ്, മണിരത്‌നം ഗായിക ശുഭാ മുദ്ഗൽ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സാമൂഹിക ശാസ്ത്രജ്ഞൻ ആശിഷ് നൻദി എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായിരുന്നു കത്തിൽ ഒപ്പുവെച്ചിരുന്നത്. മുസ്ലിങ്ങൾ, ദളിതർ മറ്റ് ന്യൂനപക്ഷങ്ങൾ തുടങ്ങിയവർക്കെതിരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ നടപടി കൈക്കൊള്ളണമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
പ്രാദേശിക അഭിഭാഷകൻ സുധീർ കുമാർ ഓജ സമർപ്പിച്ച ഹർജിയിൽ രണ്ട് മാസം മുമ്പ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സി.ജെ.എം) സൂര്യ കാന്ത് തിവാരി ഉത്തരവിട്ടതിനെ തുടർന്നാണ് കേസ്. ഓഗസ്റ്റ് 20- നാണ് സി.ജെ.എം കേസെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം സദർ (മുസാഫർപൂർ, ബീഹാർ) പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രമുഖർക്കെതിരെ കേസെടുക്കുകയായിരുന്നു.
ഉന്നതര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായും പ്രധാനമന്ത്രിയുടെ പ്രകടനത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും ആരോപിച്ചാണ് സുധീര്‍ കുമാര്‍ പരാതി നല്‍കിയത്. കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്നും പരാതിയിലുണ്ട്. രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാനലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.