ആറ്റിങ്ങലിൽ എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരന്റെ പ്രചാരണ ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ യുഡിഎഫ് രംഗത്ത്. മതേതര രാജ്യത്തിന് യോജിക്കാത്ത നടപടിയാണിതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് എംപി പറഞ്ഞു. സംഭവത്തിൽ മുരളീധരനെതിരെ പരാതി നല്‍കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിന് സമീപം വെച്ച ബോര്‍ഡിലാണ് വി മുരളീധരനും നരേന്ദ്ര മോദിക്കുമൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ചേര്‍ത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണ്. ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം സംഭവം താന്‍ അറിഞ്ഞിട്ടില്ലെന്ന് വി മുരളീധരന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്നും വി മുരളീധരന്‍ പറഞ്ഞു.
പ്രചാരണ ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ചേര്‍ത്തതിനെതിരെ എല്‍ഡിഎഫ് ആണ് ആദ്യം രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചു എന്നായിരുന്നു എൽഡിഎഫിൻ്റെ ആരോപണം. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് എൽ ഡി എഫ് പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് യുഡിഎഫും രംഗത്തെത്തിയത്.