തിരുവനന്തപുരത്തെ ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നതായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതിയുടെ ശബ്ദരേഖ. അനുപമയുമായുള്ള സംഭാഷണത്തിലാണ് പി.കെ ശ്രീമതിയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും, സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും ഉൾപ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചതാണ്.
വിഷയം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചക്ക് എടുക്കാനുള്ള ക്രമീകരണങ്ങളും ചെയ്‌തെങ്കിലും ചർച്ച ചെയ്തില്ല. അവർ കുട്ടിയുടെ അച്ഛനും അമ്മയുമാണ്, അവരുടെ വിഷയം അവർ പരിഹരിക്കട്ടേയെന്നും സർക്കാരിന് ഇക്കാര്യത്തിൽ റോളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി പി.കെ ശ്രീമതി പറഞ്ഞു. എന്നാൽ വിവാദം മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ ശ്രദ്ധയിൽപെട്ടെന്നും, അനുപമയ്ക്ക് അനുകൂല നിലപാടെടുത്തെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് പ്രസവശേഷം ആശുപത്രിയിൽ നിന്ന് പോകുന്ന വഴി തിരുവനന്തപുരം ജഗതിയിൽ വെച്ച് തന്റെ അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയെന്നായിരുന്നു അനുപമയുടെ പരാതി. ദത്ത് വിവാദത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാതായപ്പോഴാണ് അനുപമ പി.കെ.ശ്രീമതിയെ സമീപിച്ചത്. സെപ്തംബറിൽ നടന്ന ഒരു ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നത്.