'ജനം ടിവി മാപ്പു പറഞ്ഞില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരും, മന്ത്രി ശൈലജ കഴിച്ചത് പിസയും ഹാംബെര്‍ഗറും ചിക്കന്‍ 65വുമല്ല'

മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ ആരോപണം ഉന്നയിച്ച ജനം ടിവി മാപ്പുപറയണമെന്ന ആവശ്യവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായി അഡ്വ. എ ജയശങ്കര്‍. ബഹു ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ ആറെസ്സെസ് ചാനല്‍ ആക്രമണം തുടരുകയാണ്. ടീച്ചര്‍, പൊതു ഖജനാവില്‍ നിന്ന് 29,000രൂപ എടുത്ത് പുതിയ കണ്ണട വാങ്ങി, ആശുപത്രിയില്‍ കിടക്കുമ്പോള്‍ 7000രൂപ വാടകയുളള മുറി ഉപയോഗിച്ചു, പഴംപൊരിയും ഉളളിവടയും തിന്നതിന്റെ പൈസ സര്‍ക്കാരില്‍ നിന്ന് എഴുതിയെടുത്തു എന്നൊക്കെയാണ് ആരോപണം. ഇതൊന്നും വലിയ അഴിമതിയും ധൂര്‍ത്തുമാണെന്ന് ആരും പറയില്ല. കാരണം ഇതൊക്കെ എല്ലാ മന്ത്രിമാരും ചെയ്യുന്നതാണ്.- അഡ്വ. എ ജയശങ്കര്‍ പറഞ്ഞു

ശൈലജ ടീച്ചര്‍ മിതവ്യയ ശീലക്കാരിയാണെന്നതിന് ജനം ടിവി ഹാജരാക്കിയ ബില്ലുതന്നെ തെളിവാണ്. അവര്‍ കഴിച്ചത് കഞ്ഞി, ദോശ, പൊറോട്ട, ഉളളിവട, പഴംപൊരി ഒക്കെയാണ്. അല്ലാതെ പിസയും ഹാംബെര്‍ഗറും ചിക്കന്‍ 65വുമല്ലെന്നും ജയശങ്കര്‍ പോസ്റ്റില്‍ പറയുന്നു. അനാവശ്യ ആരോപണം ഉന്നയിച്ച ചാനല്‍ മാപ്പു പറയണം, അല്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹു ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ ആറെസ്സെസ് ചാനല്‍ ആക്രമണം തുടരുകയാണ്. ടീച്ചര്‍, പൊതു ഖജനാവില്‍ നിന്ന് 29,000രൂപ എടുത്ത് പുതിയ കണ്ണട വാങ്ങി, ആശുപത്രിയില്‍ കിടക്കുമ്പോള്‍ 7000രൂപ വാടകയുളള മുറി ഉപയോഗിച്ചു, പഴംപൊരിയും ഉളളിവടയും തിന്നതിന്റെ പൈസ സര്‍ക്കാരില്‍ നിന്ന് എഴുതിയെടുത്തു എന്നൊക്കെയാണ് ആരോപണം.

ഇതൊന്നും വലിയ അഴിമതിയും ധൂര്‍ത്തുമാണെന്ന് ആരും പറയില്ല. കാരണം ഇതൊക്കെ എല്ലാ മന്ത്രിമാരും ചെയ്യുന്നതാണ്.

ഇപ്പോഴത്തെ ഗജഇഇ പ്രസിഡന്റ് മുമ്പ് ആദര്‍ശ ധീരന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന കാലത്ത് ഖജനാവിലെ പണമെടുത്ത് ഇഫ്താര്‍ വിരുന്ന് നടത്തി; സിപിഎം സംസ്ഥാന സെക്രട്ടറി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ 28ലക്ഷം മുടക്കി ഔദ്യോഗിക വസതി മോടി പിടിപ്പിച്ചു. അതൊക്കെ വച്ചു നോക്കുമ്പോള്‍ ഇത് നിസാരമാണ്.

ശൈലജ ടീച്ചര്‍ മിതവ്യയ ശീലക്കാരിയാണെന്നതിന് ജനംടിവി ഹാജരാക്കിയ ബില്ലുതന്നെ തെളിവാണ്. അവര്‍ കഴിച്ചത് കഞ്ഞി, ദോശ, പൊറോട്ട, ഉളളിവട, പഴംപൊരി ഒക്കെയാണ്. അല്ലാതെ പിസയും ഹാംബെര്‍ഗറും ചിക്കന്‍65വുമല്ല. അനാവശ്യ ആരോപണം ഉന്നയിച്ച ചാനല്‍ മാപ്പു പറയണം, അല്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരും.

Read more

https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1374741779322211/?type=3&theater