ന്യൂസ് 18 കേരളക്കെതിരെ മന്ത്രി വിഎസ് സുനില്‍ കുമാര്‍; 'സ്വകാര്യ പറക്കല്‍ വാര്‍ത്ത വാസ്തവ വിരുദ്ധം, യാത്രകള്‍ക്ക് ഒരു പൈസ പോലും ഖജനാവില്‍ നിന്ന് വാങ്ങിയില്ല'

ന്യൂസ് 18 കേരള പുറത്തുവിട്ട മന്ത്രിമാരുടെ “സ്വകാര്യ പറക്കല്‍” എന്ന വാര്‍ത്തക്കെതിരെ കൃഷി മന്ത്രി അഡ്വ: വി.എസ് സുനില്‍ കുമാര്‍ രംഗത്ത്. സ്വകാര്യ വിദേശയാത്രകളില്‍ വിഎസ് സുനില്‍ കുമാറാണ് മുമ്പിലെന്നും. മന്ത്രിയായശേഷം അഞ്ചു തവണ വിദേശ രാജ്യങ്ങളിലേക്കു പറന്നുവെന്നുമാണ് ന്യൂസ് 18 കേരള വാര്‍ത്ത നല്‍കിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ചാനല്‍ പുറത്തുവിട്ട വാര്‍ത്ത വാസ്തവ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ഞാന്‍ മന്ത്രിയായശേഷം അഞ്ചു തവണ വിദേശയാത്ര നടത്തി എന്നത് വാസ്തവമാണ്. പക്ഷെ, അവയില്‍ ഒന്നുപോലും സ്വകാര്യയാത്രകളായിരുന്നില്ല. എല്ലാ യാത്രകളും പ്രവാസി മലയാളി സംഘടനകളുടെയും വിദേശ മലയാളി അസോസിയേഷനുകളുടെയും പത്രപ്രവര്‍ത്തക സംഘടനകളുടെയും സ്നേഹനിര്‍ബന്ധപൂര്‍വ്വമായ ക്ഷണമനുസരിച്ച് പ്രവാസി മലയാളികളുടെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനായി നടത്തിയ യാത്രകളായിരുന്നുവെന്ന് മന്ത്രി തന്റെ ഫേയ്‌സ്ബുക്കില്‍ വ്യക്തമാക്കി. മന്ത്രിയെന്ന നിലയില്‍ ഈ യാത്രകള്‍ക്ക് ഒരു പൈസ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വാങ്ങിയിട്ടുമില്ല. പരിപാടികള്‍ക്ക് ക്ഷണിച്ച സംഘടനകള്‍ തന്നെയാണ് വിമാനയാത്ര ടിക്കറ്റും താമസചെലവും വഹിച്ചിട്ടുള്ളത്. ഈ നിബന്ധനയോടെയാണ് സര്‍ക്കാര്‍ അനുമതി വാങ്ങിയിട്ടുള്ളതും. ഇതാണ് വാസ്തവമെന്നിരിക്കെ, വാസ്തവവിരുദ്ധവും ജനങ്ങളെ മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. രാഷ്ട്രീയവിരോധികള്‍ക്ക് ആയുധമാക്കുന്നതിനുവേണ്ടി വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നത് അപലപനീയമാണെന്നും വിഎസ് സുനില്‍ കുമാര്‍ പറയുന്നു.

മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മന്ത്രി എന്ന നിലയില്‍ ഞാന്‍ അഞ്ചുതവണ സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യവിദേശയാത്രകള്‍ നടത്തി എന്നു പറഞ്ഞ് ന്യൂസ് 18 കേരള എന്ന ചാനല്‍ പുറത്തുവിട്ട വാര്‍ത്ത വാസ്തവ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഞാന്‍ മന്ത്രിയായശേഷം അഞ്ചു തവണ വിദേശയാത്ര നടത്തി എന്നത് വാസ്തവമാണ്. പക്ഷെ, അവയില്‍ ഒന്നുപോലും സ്വകാര്യയാത്രകളായിരുന്നില്ല. എല്ലാ യാത്രകളും പ്രവാസി മലയാളി സംഘടനകളുടെയും വിദേശ മലയാളി അസോസിയേഷനുകളുടെയും പത്രപ്രവര്‍ത്തക സംഘടനകളുടെയും സ്നേഹനിര്‍ബന്ധപൂര്‍വ്വമായ ക്ഷണമനുസരിച്ച് പ്രവാസി മലയാളികളുടെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനായി നടത്തിയ യാത്രകളായിരുന്നു. കേരളത്തിലെ ഒരു മന്ത്രി എന്ന നിലയില്‍, ലക്ഷക്കണക്കിന് മലയാളികളുടെ ഉത്തരവാദിത്തമുള്ള സംഘടനകള്‍ എന്ന നിലയില്‍ അവര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് എങ്ങനെയാണ് സ്വകാര്യ ആവശ്യത്തിനുള്ള പരിപാടിയാകുന്നത്?. സ്വകാര്യ യാത്രകള്‍ എന്നാല്‍ കുടുംബപരമോ സ്വന്തം ആവശ്യത്തിനോ വേണ്ടി നടത്തുന്നതല്ലേ.

https://www.facebook.com/advvssunilkumar/posts/516857462034816

മന്ത്രി എന്ന നിലയ്ക്ക് ഇത്തരം പൊതുപരിപാടികള്‍ക്കുവേണ്ടി നടത്തിയത് എങ്ങനെയാണ് സ്വകാര്യയാത്രകളാവുക? മാത്രവുമല്ല, ഈ യാത്രകളെല്ലാം എന്റെ പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിന്റെ അനുമതിയും സമ്മതവും വാങ്ങിയശേഷം സംസ്ഥാന സര്‍ക്കാരിന്റെയും ബഹു. മുഖ്യമന്ത്രിയുടെയും നിയമാനുസൃതമായ അനുമതിയോടെയുമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പൊളിറ്റിക്കല്‍ മന്ത്രാലയം എന്നിവയുടെ മുന്‍കൂര്‍ അനുമതി വാങ്ങി നിയമപ്രകാരവും ചട്ടപ്രകാരവും നടത്തിയ യാത്രകളായിരുന്നു അവ. അതിനേക്കാള്‍ ഉപരി, മന്ത്രിയെന്ന നിലയില്‍ ഈ യാത്രകള്‍ക്ക് ഒരു പൈസ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വാങ്ങിയിട്ടുമില്ല. പരിപാടികള്‍ക്ക് ക്ഷണിച്ച സംഘടനകള്‍ തന്നെയാണ് വിമാനയാത്ര ടിക്കറ്റും താമസചെലവും വഹിച്ചിട്ടുള്ളത്. ഈ നിബന്ധനയോടെയാണ് സര്‍ക്കാര്‍ അനുമതി വാങ്ങിയിട്ടുള്ളതും. ഇതാണ് വാസ്തവമെന്നിരിക്കെ, വാസ്തവവിരുദ്ധവും ജനങ്ങളെ മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. രാഷ്ട്രീയവിരോധികള്‍ക്ക് ആയുധമാക്കുന്നതിനുവേണ്ടി വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നത് അപലപനീയമാണ്.

https://www.facebook.com/News18Kerala/videos/1864148246942907/

Read more

ഞാന്‍ നടത്തിയ ഓരോ യാത്രയും എന്തിനുവേണ്ടിയായിരുന്നുവെന്ന് താഴെ വിശദമാക്കുന്നു.
1. യു.എ.ഇ. യാത്ര – ഗള്‍ഫ് മാധ്യമം ദിനപ്പത്രത്തിന്റെ ക്ഷണപ്രകാരം, ദുബൈ എയര്‍പോര്‍ട്ടില്‍ വിമാനം തകര്‍ന്ന സമയത്ത് യാത്രക്കാരായ മലയാളികളുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട ശ്രീ. ജാസിം ഈസാ അല്‍-ബലൗഷി എന്ന യു.എ.ഇ പൗരന്റെ കുടുംബത്തെ ഗള്‍ഫ് മലയാളിസമൂഹം ആദരിച്ച ചടങ്ങില്‍ കേരളത്തിലെ മന്ത്രി എന്ന നിലയില്‍ ആദരം നല്‍കാന്‍ പോയതാണ്. യു.എ.ഇ.യിലെ രാജകുടുംബവും അവിടത്തെ ഭരണാധികാരികളും പതിനായിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹവും ഈ ആദരച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ പൊതുപരിപാടി സ്വകാര്യ ആവശ്യമാകുന്നത് എങ്ങനെയാണ്?
2. ശ്രീലങ്കന്‍ യാത്ര – വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്, ഈ സംഘടനയുടെ പ്രത്യേക ക്ഷണമനുസരിച്ച് നടത്തിയ യാത്ര. എനിക്കു പുറമേ, എല്‍.ഡി.എഫ്, യു.ഡി.എഫ് എം.എല്‍.എ.മാരും കേരളത്തിലെ കലാകാരന്മാരും പങ്കെടുത്തിരുന്നു. നൂറുകണക്കിന് പ്രവാസി മലയാളികള്‍ പങ്കെടുത്ത പൊതുപരിപാടിയായിരുന്നു ഇത്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എല്ലാ വാര്‍ഷിക സമ്മേളനത്തിലും ഏതെങ്കിലും മന്ത്രിമാരാണ് ഉദ്ഘാടകരാകാറുള്ളത്. ഈ യാത്രയും എന്റെ സ്വകാര്യ ആവശ്യമായിരുന്നില്ല.
3. ഇറ്റലി യാത്ര – ഇറ്റലിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി പ്രവാസി സംഘടനയുടെ ക്ഷണമനുസരിച്ച് നടത്തിയ യാത്രയാണത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി ഒരു മലയാളി സംഘടന ആരംഭിച്ച സ്‌കൂളിന്റെ ഉദ്ഘാടനത്തിനാണ് പോയത്. ശ്രീ. ഇന്നസെന്റ് എം.പി.യും ഇതില്‍ പങ്കെടുത്തിരുന്നു. അവിടെയുള്ള മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ നിരവധി മലയാളികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതും സ്വകാര്യ ആവശ്യമായിരുന്നില്ല.
4. യു.എസ്.എ യാത്ര – അമേരിക്കയിലെ ഷിക്കാഗോയിലേക്ക് നടത്തിയ യാത്ര. നോര്‍ത്ത് അമേരിക്കന്‍ പ്രസ് ക്ലബ്ബ് എന്ന മലയാളി പത്രപ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഈ സംഘടനയുടെ ക്ഷണമനുസരിച്ചാണ് പോയത്. കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകരായ ഷാനി പ്രഭാകര്‍, ഉണ്ണി ബാലകൃഷ്ണന്‍, അളകനന്ദ, ആര്‍.എസ് ബാബു അടക്കമുള്ളവരും ശ്രീ. എം.ബി രാജേഷ് എം.പി.യും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നോര്‍ത്ത് അമേരിക്കയിലെ മലയാളി പത്രപ്രവര്‍ത്തകരെല്ലാം ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ പൊതുപരിപാടിയില്‍ കേരളത്തിലെ ഒരു മന്ത്രി എന്ന നിലയില്‍ പങ്കെടുക്കുന്നതിനായി പോയത് എങ്ങനെയാണ് സ്വകാര്യ യാത്രയാകുന്നത്?
5. ഒമാന്‍-മസ്‌കറ്റ് യാത്ര – സി.പി.ഐ.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒമാന്‍ മലയാളികളുടെ സംഘടനയായ നവയുഗത്തിന്റെ ക്ഷണപ്രകാരം, പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവിന്റെ തീരുമാനപ്രകാരം, പങ്കെടുത്ത പരിപാടിയാണത്. ഈ സംഘടനയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പോയത്. ഈ സംഘടന ഏര്‍പ്പെടുത്തിയ സ. സി.അച്യുതമേനോന്‍ പുരസ്‌കാരം 2017ല്‍ എനിക്കാണ് ലഭിച്ചത്. അത് ഏറ്റുവാങ്ങുന്നതിനും വേണ്ടി കൂടിയാണ് പോയത്. ഇതും പൊതുപരിപാടിയായിരുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന മറുപടിയില്‍, മന്ത്രിമാര്‍ നടത്തിയ യാത്ര ഔദ്യോഗികം എന്നു പറയുന്നത് സര്‍ക്കാര്‍ ചെലവില്‍ മറ്റൊരു രാജ്യത്തെ സര്‍ക്കാരിന്റെ ക്ഷണപ്രകാരമോ, അഥവാ സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയായോ നടത്തുന്ന യാത്രകള്‍ മാത്രമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പണം ചെലവഴിക്കാതെ മേല്‍ പറഞ്ഞ പ്രകാരത്തിലുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടി നടത്തുന്ന യാത്രകളെ സ്വകാര്യം എന്ന ഗണത്തിലാണ് പെടുത്തുന്നത്. ഞാന്‍ നടത്തിയ വിദേശ യാത്രകളെല്ലാം ആ രാജ്യങ്ങളിലെ എംബസികളുടെ അനുമതിയോടെയും ഔപചാരികമായ പ്രോട്ടോക്കോള്‍ അനുസരിച്ചുമുള്ളതായിരുന്നു. ഓരോ രാജ്യത്തെയും എന്റെ യാത്ര, താമസം, ലോക്കല്‍ യാത്രകള്‍ എന്നിവയെല്ലാം അതത് എംബസിയുടെ അറിവോടെയായിരുന്നു. ഈ വസ്തുതകള്‍ ജനങ്ങള്‍ മനസ്സിലാക്കണം. സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച് എന്റെ വ്യക്തിപരമായതോ കുടുംബപരമായതോ ആയ ആവശ്യങ്ങള്‍ക്കായി ഒരു വിദേശയാത്രയും ഞാന്‍ നടത്തിയിട്ടില്ല. നടത്തുകയുമില്ല. ഞാന്‍ നടത്തിയ 5 വിദേശയാത്രകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലെ ഒരു നയാപൈസ പോലും ഉപയോഗിച്ചിട്ടുമില്ല.
അടിസ്ഥാനരഹിതമായ വാര്‍ത്തയുടെ നിജസ്ഥിതി എല്ലാവരെയും അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്.
സ്നേഹപൂര്‍വ്വം
വി.എസ്. സുനില്‍ കുമാര്‍