രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്

സന്ദീപ് വാര്യര്‍ക്കെതിരെ പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. കുറഞ്ഞ നിരക്കില്‍ കൊടുക്കാവുന്ന പത്രമായത് കൊണ്ടാണ് സുപ്രഭാതത്തിലും സിറാജിലും പരസ്യം കൊടുത്തതെന്ന് എംബി രാജേഷ് പറഞ്ഞു. രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്. മാതൃഭൂമിയിലും ഹിന്ദുവിലും പരസ്യം നല്‍കിയിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.

സന്ദീപ് വാര്യരുടെ തറവാട് ആര്‍എസ്എസും നേതാവ് നരേന്ദ്രമോദിയുമാണ്. അത് ശ്രദ്ധയില്‍ വരാതിരിക്കാനാണ് പത്രപരസ്യ ആരോപണവുമായി രംഗത്തെത്തിയതെന്നും രാജേഷ് ആരോപിച്ചു. ഷാഫി പറമ്പില്‍ പറയുന്നത് കല്ലുവച്ച നുണയാണ്. വടകരയില്‍ ചക്കയിട്ടപ്പോ മുയല്‍ ചത്തെന്ന് കരുതി പാലക്കാട് ഇടേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സന്ദീപ് വാര്യര്‍ കുടുംബ സ്വത്തില്‍ നിന്ന് ആര്‍എസ്എസ് കാര്യാലയത്തിന് സ്ഥലം വിട്ടുകൊടുക്കുമെന്ന് പറഞ്ഞ വ്യക്തിയാണ്. അയാളെയാണ് യുഡിഎഫ് കൊണ്ടുവന്നതെന്നും എംബി രാജേഷ് പരിഹസിച്ചു. ഇന്ന് വൈകിട്ട് ഷാഫി മതനിരപേക്ഷവാദിയായി. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്നും മന്ത്രി ചോദിച്ചു.