അഫാനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി; പ്രതിയെ നാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ പ്രതി അഫാനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൃത്യം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. കൊലയ്ക്ക് ശേഷം പ്രതി അഫാന്‍ എലിവിഷം കഴിച്ചിരുന്നതായി മൊഴി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് അഫാനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച തന്നെ അഫാനെ ജയിലിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റാതിരുന്നത്. കേസില്‍ 90 ദിവസത്തിനകം കുറ്റപ്പത്രം നല്‍കാനാണ് പൊലീസ് നീക്കം.

പ്രതിയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും പൂര്‍ണ ബോധത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല നടത്തിയതെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. സംഭവദിവസം അഫാന്‍ മദ്യം കഴിച്ചിരുന്നതായും വ്യക്തമായി. എന്നാല്‍ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതില്‍ വ്യക്തത തേടി രക്തപരിശോധ നടത്തിയതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം കാമുകിയെയും അനുജനെയും കൊന്ന കേസില്‍ വെഞ്ഞാറമൂട് പൊലീസ് അഫാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ നാളെ അഫാനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.