അഫാനെ തെളിവെടുപ്പിനായി മുത്തശിയുടെ വീട്ടിലെത്തിച്ചു; ചുറ്റിക വാങ്ങിയ കടയിലെത്തിച്ചും തെളിവുകള്‍ ശേഖരിക്കും

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ കൊല്ലപ്പെട്ട മുത്തശിയുടെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതി അഫാനെ പാങ്ങോടുള്ള സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ചത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം തെളിവെടുപ്പിന് പ്രതിയുമായെത്തിയത്.

അഫാന്‍ കൊല നടത്താന്‍ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തും. അതേസമയം അഡ്വക്കേറ്റ് കെ ഉവൈസ് ഖാന്‍ പ്രതി അഫാന്റെ വക്കാലത്ത് ഒഴിഞ്ഞു. ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാന്‍ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. പാര്‍ട്ടിക്ക് തീരാകളങ്കം ഉണ്ടാക്കിയെന്നാണ് പരാതി.

കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നല്‍കിയത്. പ്രതിക്ക് വേണ്ടി ഉവൈസ് ഖാന്‍ ഹാജരാകാതിരിക്കാനുള്ള നിര്‍ദേശം നല്‍കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അയച്ച പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.