പാലായില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പാലാ പൈകയിലെ സ്വകാര്യ പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടരാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി ഫാമിലെ പന്നികളെ കൊന്നു.
ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. ഇവിടെ നിന്ന് പന്നികള്‍, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍നിന്ന് നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.