കണ്ണൂര്‍ ഇരിട്ടി പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസില്‍ സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സൂര്യയ്‌ക്കൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ ഷഹര്‍ബാനയുടെ മൃതദേഹം രാവിലെ എന്‍ഡിആര്‍എഫ് സംഘം നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു.
എടയന്നൂര്‍ ഹഫ്സത്ത് മന്‍സിലില്‍ ഷഹര്‍ബാനയുടെ മൃതദേഹമാണ് ഇന്ന് രാലിലെ കണ്ടെത്തിയത്. അഗ്‌നിശമന സേനയുടെ സ്‌കൂബ ടീമും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു ഇരുവരെയും ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇരുവരും പരീക്ഷ കഴിഞ്ഞ്് സഹപാഠി ജസ്നയ്ക്കൊപ്പം പടിയൂരിനടുത്തെ വീട്ടിലെത്തിയതായിരുന്നു. പുഴയും അണക്കെട്ടും കാണുന്നതിനായി പൂവം കടവിലെത്തിയതായിരുന്നു. ഇരിക്കൂര്‍ സിക്ബാ കോളേജിലെ അവസാന വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥിനികളായിരുന്നു ഷഹര്‍ബാനയും സൂര്യയും.
മഴയില്‍ കുതിര്‍ന്ന മണ്‍തിട്ടയിലൂടെ നടക്കുമ്പോള്‍ തിട്ട ഇടിഞ്ഞുവീണ് ഇരുവരും പുഴയില്‍ പതിയ്ക്കുകയായിരുന്നു. സുഹൃത്ത് ജസ്നയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരണ് വിവരം അഗ്‌നിശമന സേനയെയും പൊലീസിനെയും അറിയിച്ചത്. ഒഴുക്കില്‍പ്പെട്ട ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍ കുടുങ്ങിയെങ്കിലും വല വേര്‍പെട്ട് ഒഴുക്കിലേക്ക് തന്നെ പോകുകയായിരുന്നു.
Read more
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മട്ടന്നൂര്‍, ഇരിട്ടി അഗ്‌നിശമന സേനകള്‍ നടത്തിയ തിരച്ചില്‍ വിഫലമായിരുന്നു. തുടര്‍ന്ന് ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. കെ സുധാകരന്‍ എംപി, സണ്ണി ജോസഫ് എംഎല്‍എ, സിപിഎം നേതാവി പികെ ശ്രീമതി തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.