വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷത്തിന് പിന്നാലെ നിലമ്പൂരിലും ആറ്റിങ്ങലിലും വിദ്യാര്‍ത്ഥികളുടെ ‘ഓണത്തല്ല്’. നിലമ്പൂരില്‍ മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കൂട്ടത്തല്ലുണ്ടാക്കിയത്.
പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന് മുണ്ട് ധരിച്ചെത്തിയതാണ് പ്ലസ്ടു വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്. മുണ്ടുടുത്ത് വരാന്‍ പാടില്ലെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഓണാഘോഷത്തിന്റെ ഭാഗമായുണ്ടായ തര്‍ക്കമാണ് ഈ സംഘര്‍ഷത്തിനും കാരണമായതെന്നാണ് വിവരം. എന്നാല്‍ ഏത് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നവരാണ് ബസ് സ്റ്റാന്‍ഡില്‍ തമ്മിലടിച്ചതെന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും വിദ്യാര്‍ത്ഥികളെല്ലാം ഓടിരക്ഷപ്പെടുകയായിരുന്നു.
രണ്ടുദിവസം മുമ്പ് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല് അരങ്ങേറിയിരുന്നു. പട്ടാമ്പി പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചത്.