ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എടത്വാ കൃഷി ഓഫീസര്‍ എം. ജിഷമോളെയാണ് തിരുവനന്തപുരം സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റിയത്.
മാവേലിക്കര ജയിലില്‍ പാര്‍പ്പിച്ചിരുന്ന ജിഷയെ ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഇവര്‍ മാനസികാരോഗ്യ പ്രശ്‌നത്തിന് മരുന്നു കഴിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്. കള്ളനോട്ട് മാഫിയയുടെ ഭാഗമായി ജിഷ പ്രവര്‍ത്തിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.
കള്ളനോട്ടാണെന്ന് അറിഞ്ഞിട്ടും ഇവര്‍ നോട്ടുകള്‍ കൈമാറ്റം ചെയ്തിരുന്നതായും ബോധ്യമായിട്ടുണ്ട്. എന്നാല്‍ കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമം എന്നാണ് പൊലീസിന് സംശയം. ജിഷയെ ചോദ്യം ചെയ്തതില്‍ നിന്ന് മുഖ്യപ്രതിയെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.
ഇയാളാണ് ജിഷയ്ക്ക് കള്ളനോട്ട് നല്‍കിയത്. ആലപ്പുഴയില്‍ ആയോധനകലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഇയാള്‍. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ സ്വകാര്യ ബാങ്ക് ശാഖയില്‍ 500 രൂപയുടെ ഏഴു കള്ളനോട്ടുകള്‍ ലഭിച്ചപ്പോള്‍ മാനേജര്‍ സൗത്ത് പൊലീസിനെ സമീപിക്കുകയായിരുന്നു.
Read more
ഇരുമ്പുപാലത്തിന് സമീപത്തെ കടയുടെ ഉടമ ജീവനക്കാരന്റെ കൈയില്‍ കൊടുത്തുവിട്ടതായിരുന്നു നോട്ടുകള്‍. അന്വേഷണത്തില്‍ കുഞ്ഞുമോന്‍ എന്നയാളാണ് പണം നല്‍കിയത് എന്നറിഞ്ഞു. ജിഷയുടെ വീട്ടിലെ ജോലിക്കാരനാണ് കുഞ്ഞുമോന്‍.