'എഐ ക്യാമറകള്‍ ഉടന്‍ മിഴി പൂട്ടും, പൊലീസും എംവിഡിയും വാഹന പരിശോധന അവസാനിപ്പിക്കും'; പുതിയ പദ്ധതിയെ കുറിച്ച് വാചാലനായി ഗണേഷ്‌കുമാര്‍

സംസ്ഥാനത്ത് എഐ ക്യാമറകള്‍ ഉടന്‍ മിഴി പൂട്ടുമെന്ന സൂചന നല്‍കി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. പൊലീസും എംവിഡിയും ഉള്‍പ്പെടെ നടത്തി വരുന്ന വാഹന പരിശോധനകളും അവസാനിപ്പിച്ചേക്കുമെന്നാണ് ഗണേഷ്‌കുമാര്‍ പറയുന്നത്. പരിശോധനകള്‍ ജനങ്ങള്‍ക്ക് കൈമാറാനാണ് ഗതാഗത വകുപ്പിന്റെ പുതിയ പദ്ധതി.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഗണേഷ്‌കുമാര്‍ ഇത് സംബന്ധിച്ച സൂചന നല്‍കിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തി ചിത്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന് അയയ്ക്കാന്‍ സാധിക്കുന്ന തരത്തില്‍ പുതിയൊരു ആപ്പ് ഉടന്‍ പുറത്തിറക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പുതിയ പദ്ധതി ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് തന്നെ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന പുതിയ സംവിധാനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. നിയമലംഘനങ്ങള്‍ ഫോണില്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കുന്ന ആപ്പിലൂടെ അയച്ചുനല്‍കാം. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് നടപടിയെടുക്കുമെന്നും ഗണേഷ്‌കുമാര്‍ അറിയിച്ചു.

Read more

നോ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ പിഴ നോട്ടീസായി ആര്‍സി ഓണറുടെ വീട്ടിലെത്തും. നിയമലംഘനങ്ങള്‍ കണ്ടാല്‍ അത് ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കുക. അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.