എഡിജിപി എംആര്‍ അജിത്കുമാറിന് വിശിഷ്ട സേവനത്തിന് ആറാം തവണയും ശിപാര്‍ശ

എഡിജിപി എംആര്‍ അജിത്കുമാറിന് വിശിഷ്ട സേവനത്തിന് ആറാം തവണയും ശിപാര്‍ശ. നേരത്തെ അഞ്ച് തവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശിപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത്കുമാറിന് എതിരായിരുന്നതിനാലാണ് ശിപാര്‍ശ തള്ളിയത്. ഡിജിപിയാണ് രാഷ്ട്രപതിയുടെ മെഡലിനായി സര്‍ക്കാരിന് ആറാം തവണയും ശിപാര്‍ശ നല്‍കിയത്.

എംആര്‍ അജിത്കുമാറിനെതിരെ നിലമ്പൂര്‍ മുന്‍ എംഎല്‍എ പിവി അന്‍വര്‍ നേരത്തെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുകൂടാതെ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ഉള്‍പ്പെടെ അജിത്കുമാറിനെതിരെ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. അജിത് കുമാര്‍ സ്ഥാനക്കയറ്റത്തിന്റെ വക്കില്‍ നില്‍ക്കുന്നതിനിടെയാണ് വീണ്ടും ശിപാര്‍ശ.

Read more

അജിത് കുമാറിന്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ മെഡല്‍ ലഭിച്ചിരുന്നു. മെഡലിന് വേണ്ടിയാണ് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന് ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. വിജിലന്‍സ് അന്വേഷണം നേരിടുന്നുവെന്ന് ഡിജിപിയുടെ ശുപാര്‍ശയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചത്.