കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർ കയറ്റി കൊന്ന സംഭവത്തിൽ ഒന്നാംപ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മൽ, രണ്ടാംപ്രതി നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ട് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി. ഞായറാഴ്ച വരെയാണ് കസ്റ്റഡി. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ പ്രതികൾക്കെതിരേ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ചോദ്യം ചെയ്ത സമയം പ്രതികൾ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എംഡിഎംഎയാണ് ഉപയോഗിച്ചതെന്നുമായിരുന്നു പൊലീസ് വാദം. ഇരുവരും മദ്യപിച്ചിരുന്നതായും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. എംഡിഎംഎയുടെ ഉറവിടവും ലഹരി ഉപയോഗിച്ച ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചത്. പിന്നാലെ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ആനൂര്‍ക്കാവ് പഞ്ഞിപുല്ലും വിളയില്‍ കുഞ്ഞുമോളു(47)ടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ കുഞ്ഞുമോളുടെ സഹോദരി ഫൗസിയക്കും പരിക്കേറ്റു.