മകന്‍ അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചതിനോട് പ്രതികരിച്ച് എ.കെ ആന്റണി. ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം വളരെ വേദനയുണ്ടാക്കി. തികച്ചു തെറ്റായ ഒരു തീരുമാനമായിപ്പോയി എന്നാണ് അതേക്കുറിച്ച് തനിക്ക് പറയാനുള്ളത് എന്നാണ് എ.കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം വളരെ വേദനയുണ്ടാക്കി. തികച്ചു തെറ്റായ ഒരു തീരുമാനമായിപ്പോയി എന്നാണ് അതേക്കുറിച്ച് എനിക്ക് പറയാനുള്ളത്. ഇന്ത്യാ രാജ്യത്തിന്റെ ഐക്വം എന്ന് പറയുന്നത് ബഹുസ്വരതയും മതേതരത്വവുമാണ്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആസൂത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളാണ് നടത്തി കൊണ്ടിരുന്നത്.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് അല്‍പ്പം സാവകാശത്തിലാണ് കാര്യം നീങ്ങിയത്. 2019ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജ്യം ഏകത്വത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി രാജ്യത്തിന്റെ ഐക്യം ദുര്‍ബലമാകുന്നു. ഇത് ആപല്‍ക്കരമായ നിലപാടാണ്. എന്നെ സംബന്ധിച്ചിടത്തോളം അവസാന ശ്വാസം വരെയും ബിജെപിയുടെയും ആര്‍എസ്എസിന്റെയും തെറ്റായ നിലപാടുകള്‍ക്കെതിരെ ഞാന്‍ ശബ്ദമുയര്‍ത്തും.
സ്വാതന്ത്ര സമരകാലം മുതല്‍ വിവേചനങ്ങള്‍ ഇല്ലാതെ എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ട കുടുംബമാണ് നെഹ്‌റു കുടുംബം. ഒരു കാലത്ത് ഇന്ദിരാ ഗാന്ധിയുമായി അകന്ന് പോയി. വീണ്ടും ഇന്ദിരാ ഗാന്ധിക്കൊപ്പം തിരിച്ചെത്തിയപ്പോള്‍ ആ കുടുംബത്തോട് മുമ്പ് ഉണ്ടായതിനേക്കാള്‍ ആദരവുണ്ട്. എന്റെ ജീവിതത്തിന്റെ അവസാന നാളുകളിലൂടെയാണ് കടന്നു പോകുന്നത് എത്ര നാള്‍ ജീവിച്ചിരുന്നാലും ഞാന്‍ മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിട്ട് ആയിരിക്കും. ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ചോദ്യത്തരത്തിനും ഞാന്‍ തയാറാവില്ല. ഇത് ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണ്.