'എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനം കോടിയേരിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല'; രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമെന്ന് എ കെ ആന്റണി

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കോടിയേരിയുടെ നിലപാടുകള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. സംഘര്‍ഷാവസ്ഥകളില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്ന നേതാവായിരുന്നു കോടിയേരിയെന്നും എ.കെ ആന്റണി പ്രതികരിച്ചു.

‘കോടിയേരിയുടെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ കര്‍ക്കശക്കാരനായ നിശ്ചയദാര്‍ഢ്യമുള്ള ഉറച്ച നിലപാടുള്ള പാര്‍ട്ടി നേതാവാണ്. പാര്‍ട്ടി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ എല്ലാ കഴിവുകളും ഉപയോഗിക്കും. പാര്‍ട്ടി താല്‍പര്യത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് വിട്ടുവീഴ്ചയുണ്ടായിരുന്നില്ല.’

‘ഏറ്റെടുത്ത എല്ലാ ചുമതലകളും കാര്യക്ഷമതയോടു കൂടി വിജയകരമായി പൂര്‍ത്തിയാക്കിയ നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍. ഏത് രാഷ്ട്രീയപാര്‍ട്ടിയില്‍പ്പെട്ടവരായാലും ഏത് മതവിഭാഗത്തിലുള്ളവരായാലും എല്ലാവരോടും ഊഷ്മളമായ സൗഹൃദം നിലനിര്‍ത്തുന്ന നേതാവായിരുന്നു. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അതുകൊണ്ടാണ് അദ്ദേഹം എല്ലാവര്‍ക്കും സ്വീകാര്യനായത്.’

Read more

‘സൗഹാര്‍ദ്ദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കോടിയേരി ശ്രദ്ധിച്ചിരുന്നു. നിലപാടുകളും വിശ്വാസവും എന്തുമാകട്ടെ കോടിയേരിയുടെ നിലപാട് മറ്റുള്ളവര്‍ക്ക് മാതൃകയാണ്. സംഘര്‍ഷ സ്ഥലങ്ങളില്‍ എത്തിയാല്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനം കോടിയേരിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമിക്കാറില്ല. അതില്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്ന നേതാവായിരുന്നു. മനുഷ്യ സ്നേഹിയായ നേതാവായിരുന്നു കോടിയേരി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു’, എ കെ ആന്റണി പറഞ്ഞു.