മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് വേണ്ടി ന്യായീകരണവുമായി സിപിഎം നേതാവ് എ കെ ബാലൻ.സിഎംആർഎൽ കമ്പനിയിൽ നിന്നും വീണ 1.72 കോടി സ്വീകരിച്ചത് മാസപ്പടിയല്ല, സേവനത്തിന് പ്രതിഫലമാണെന്നാണ് വാദം. വാങ്ങിയ പണത്തിന് വീണ നികുതിയടച്ചിട്ടുണ്ടെന്നും എ കെ ബാലൻ പറഞ്ഞു.
ഓരോ ദിവസവും കുഴൽനാടൻ കള്ള പ്രചരണം നടത്തുകയാണെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി. എന്നാൽ ധനവകുപ്പ് കൊടുത്ത കത്ത് ക്യാപ്സ്യൂൾ മാത്രമാണെന്ന മാത്യു കുഴൽനാടന്റെ ആരോപണത്തിൽ വ്യക്തമായ മറുപടി പറയാൻ എകെ ബാലന് കഴിഞ്ഞില്ല. കത്തിൽ തെറ്റുണ്ടോ ശരിയുണ്ടോ എന്ന് പറയാൻ എനിക്ക് സാധിക്കില്ലെന്നും മാത്യു ഉന്നയിച്ച ഡേറ്റുകളിലെ മാറ്റവും ഐജിഎസ്ടിയോടാണ് ചോദിക്കേണ്ടതെന്ന മറുപടിയാണ് ബാലൻ നൽകിയത്.
ജിഎസ്ടി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പണം കൊടുത്തുവെന്നത് അടിസ്ഥാരഹിതമാണ്. ടാക്സ് കൊടുത്തുവെന്ന് ഐജിഎസ്ടി കമ്മിഷണർ ധനകാര്യ വകുപ്പിനെ അറിയിച്ചു. ബാക്കി കാര്യങ്ങൾ ഐജിഎസ്ടി കമ്മിഷണറിനോട് ചോദിക്കണം. ഇക്കാര്യങ്ങൾ വീണയോടല്ല ചോദിക്കേണ്ടതെന്നും ബാലൻ പറഞ്ഞു.
1.72 കോടിക്ക് നികുതി അടച്ചുവെന്ന് നിങ്ങളോട് എന്തിന് വ്യക്തമാക്കണമെന്നായിരുന്നു മാസപ്പടിയിൽ ചോദ്യം ചോദിച്ച മാധ്യമങ്ങളോട് ബാലൻ പ്രതികരിച്ചത്.ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ എന്ത് ബാധ്യതയാണ് വീണക്കുള്ളത്. സേവനത്തിനുള്ള പ്രതിഫലമാണ് ലഭിച്ചത്. മാസപ്പടി ആണെന്ന് പറയാൻ തലയിൽ വെളിവുള്ള ആർക്കും പറ്റില്ലെന്നും ബാലൻ പറഞ്ഞു.
കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ജിഎസ്ടിയാണെന്നും മാത്യു കുഴൽനാടന് ഇനിയും പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാമെന്നും ബാലൻ പറഞ്ഞു.മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യം കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നേരത്തെ തളളിയിരുന്നു.