പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വിജയം യുഡിഎഫ് എല്ലാ വഴിവിട്ട മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി നേടിയതാണെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം എകെ ബാലന്‍. ഔപചാരികമായ ഫലപ്രഖ്യാപനം വരുന്നതിനുമുമ്പേ തന്നെ എസ്ഡിപിഐ, യുഡിഎഫ് സ്ഥാനാര്‍ഥിക്കനുകൂലമായി പാലക്കാട് ടൗണില്‍ പ്രകടനജാഥ നടത്തിയത് അതിന്റെ തുടര്‍ച്ചയായിട്ടാണെന്നും എകെ ബാലന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ഏതുവഴിവിട്ട മാര്‍ഗവും സ്വീകരിക്കുക എന്നത് ഞങ്ങളുടെ രീതിയല്ല. ബിജെപിയെ ഒറ്റപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ദേശീയനയം. ഒരു തത്വാധിഷ്ഠിതമായ നയം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരായി ആര്‍എസ്എസ്സുമായി കൂട്ടുകെട്ടുണ്ടാക്കുന്നതും എസ്ഡിപിഐയുമായി കൂട്ടുണ്ടാക്കുന്നതും അവരോടൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന എന്നതും എന്തൊരു നിലപാടാണെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള നെറികെട്ട രാഷ്ട്രീയസമീപനം കൊണ്ടാണ് കെ മുരളീധരന്റെ ഗതികേട് ഇങ്ങനെയായത് എന്നും അത്തരം നിലപാടുകള്‍ ഒരിക്കലും എല്‍ഡിഎഫ് എടുത്തിട്ടില്ല എന്നും എംകെ ബാലന്‍ പറഞ്ഞു.
‘ചേലക്കര തിരഞ്ഞെടുപ്പ് രാഷ്ട്രീയപോരാട്ടമാണ്. പിണറായി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ നിലപാട് എന്തായിരിക്കും എന്ന് ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ കാണാം എന്നാണ് യു.ഡി.എഫ് പറഞ്ഞത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാളും വലിയ വോട്ട് യുആര്‍ പ്രദീപിന് കിട്ടി. ഏതുരൂപത്തിലാണ് ചേലക്കരയില്‍ യുഡിഎഫിന്റെ ജനകീയ അടിത്തറപോയത്? കേരളത്തിലെ ജനങ്ങളോടുള്ള യുഡിഎഫിന്റെ നെറികെട്ട സമീപനത്തിന്റെ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. സഖാവ് സരിന്‍ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന ഒരു നക്ഷത്രമാവാന്‍ പോവുകയാണ്. അദ്ദേഹത്തെ ഡീമോറലൈസ് ചെയ്യാന്‍ ഇടതുപക്ഷം സമ്മതിക്കില്ല’- എകെ ബാലന്‍ പറഞ്ഞു.
വയനാട്ടില്‍ പിന്നോട്ടടിയുണ്ടായെന്നും അതിന്റെ കാരണം ഒരു ദേശീയ നേതാവ് മത്സരിച്ചു എന്നതാണെന്നും എകെ ബാലന്‍ പറഞ്ഞു. അവര്‍ ‘ഇന്ത്യ’ ബ്ലോക്കിന്റെ ഭാഗമാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് സ്വാഭാവികമായും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിക്കെതിരായി ഒരു ദേശീയ നേതാവാണ് മത്സരിക്കുന്നത് എന്നുള്ളതുകൊണ്ടും പത്രദൃശ്യമാധ്യമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള കൃത്രിമത്വമുള്ള പ്രചരണത്തിന്റെയും ഭാഗമായി വിചാരിച്ച വോട്ടുകള്‍ കിട്ടിയിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. 17100 കോടിയുടെ ആസ്തിയുള്ള ഒരു സ്ഥാനാര്‍ഥിയാണ് പ്രിയങ്ക എന്നോര്‍ക്കണം. 120 കോടി ബിജെപിക്ക് കള്ളപ്പണ ഇനത്തില്‍ ‘വൈറ്റാ’ക്കാന്‍ വേണ്ടി കൊടുത്ത ഒരു കുടുംബത്തിലെ പ്രതിനിധിയാണ് ഇവിടെ മത്സരിക്കുന്നത്. അതൊന്നും ഇവിടെ രാഷ്ട്രീയ ചര്‍ച്ചയായില്ല. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ രൂപം കൊണ്ട ഇന്ത്യമുന്നണിയുടെ ഒരു നേതാവാണ് ഇവിടെ വന്ന് മത്സരിക്കുന്നത്.’
സംഘടനാപരമായി എല്‍ഡിഎഫിന്റെ എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായി പാര്‍ട്ടി പരിശോധിച്ച് വിലയിരുത്തി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എകെ ബാലന്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ ഇപ്പോഴും ആര്‍എസ്എസ്സില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും താന്‍ ആര്‍എസ്എസ് അല്ലെന്ന് വാര്യര്‍ പറഞ്ഞിട്ടില്ലെന്നും ആര്‍എസ്എസ്സിന് കൊടുത്ത ഭൂമി തിരിച്ചെടുത്തോ എന്നും എകെ ബാലന്‍ ചോദിച്ചു. കോണ്‍ഗ്രസ്സില്‍ നിന്നുകൊണ്ട് ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തകനെക്കുറിച്ച് കേരളത്തില്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പെട്ടി വിവാദം തങ്ങള്‍ ഉണ്ടാക്കിയതല്ലെന്നും വിവാദങ്ങളെല്ലാം കോണ്‍ഗ്രസ് തന്നെ ഉണ്ടാക്കിയതാണെന്നും അതിന് മറുപടി പറയാന്‍ എല്‍ഡിഎഫ് നിര്‍ബന്ധിക്കപ്പെടുകയാണെന്നും എകെ ബാലന്‍ പ്രതികരിച്ചു. പക്വതക്കുറവുണ്ടായെന്ന് പാലക്കാട്ടെ പാര്‍ട്ടി പറഞ്ഞിട്ടില്ല. സിപിഎം ഉള്‍പ്പാര്‍ട്ടി നയങ്ങളെയും മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ് തത്വശാസ്ത്രങ്ങളെയും മനസ്സിലാക്കി പാര്‍ട്ടി കേഡര്‍സ്വഭാവം പിന്തുടരാന്‍ തയ്യാറാണെങ്കില്‍ വരാം എന്നാണ് സന്ദീപ് വാര്യരോട് പറഞ്ഞത്. ആ സമയത്ത് സന്ദീപ് വാര്യരെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ശരിയല്ല എന്നു പറഞ്ഞിട്ടുണ്ടെന്നും എകെ ബാലന്‍ പ്രതികരിച്ചു.