സിനിമാ മേഖലയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മന്ത്രി എ.കെ ബാലന്‍. നിർമ്മാതാക്കൾ ഇത് നേരത്തെ പറയേണ്ടിയിരുന്നു. പ്രശ്നം വരുമ്പോഴല്ല കാര്യം പുറത്തുപറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ രംഗത്ത് വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്ന നിർമ്മാതാക്കളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ലഹരി ഉപയോഗത്തെ കുറിച്ച് ആധികാരികമായി തെളിവോടെ പറഞ്ഞാല്‍ സർക്കാര്‍ ശക്തമായ നടപടിയെടുക്കും. റെയിഡ് നടത്താന്‍ സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടുമില്ല. വര്‍ത്തമാനം മാത്രം പോരാ, സിനിമാമേഖലയില്‍ കുറേ അരാജകത്വമുണ്ടെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
സിനിമാ മേഖലയില്‍ ന്യൂജെന്‍ തലമുറക്കാരില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള നിര്‍മ്മാതാക്കളുടെ ആരോപണം ശരിവെച്ച് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജും രംഗത്തെത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാസംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് പറഞ്ഞു. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാടെന്നും ബാബുരാജ് പറഞ്ഞിരുന്നു. സിനിമാ മേഖലയിൽ ലഹരി ഉപയോഗം കൂടുന്നു എന്ന നിർമ്മാതാക്കളുടെയും ബാബുരാജിന്റെയും പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.