ഫോണ്‍ കെണി: ശശീന്ദ്രനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത് തോമസ് ചാണ്ടിയുടെ പിഎ യുടെ വീട്ടിലെ സഹായി

ഫോണ്‍ കെണി കേസില്‍ എ.കെ.ശശീന്ദ്രനെകുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ മഹാലക്ഷമി തോമസ് ചാണ്ടിയുടെ പിഎയുടെ വീട്ടിലെ സഹായി. പി എ ശ്രീകുമാറിന്റെ വീട്ടില്‍ കുട്ടികളെ നോക്കുന്ന ജോലിയെന്ന് മഹാലക്ഷമി ചെയ്യുന്നത്.

തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹാലക്ഷമി ഹര്‍ജി നല്‍കിയിരുന്നത്. തനിക്ക് പ്രായപൂര്‍ത്തിയായ മകള്‍ ഉണ്ടെന്നും സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച വിഷയം ആയതിനാല്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ശരിയല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തക പരാതി പിന്‍വലിച്ചത് ഭയന്നിട്ടാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Read more

ശശീന്ദ്രനെതിരായ മൊഴി മാധ്യമപ്രവര്‍ത്തക മാറ്റിപ്പറഞ്ഞതിനെത്തുടര്‍ന്ന് കേസ് സി.ജെ.എം കോടതി തള്ളിയിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതി. എന്നാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തക മൊഴിമാറ്റുകയും മന്ത്രി മോശമായി പെരുമാറിയില്ലെന്നും ഫോണിലൂടെ അശ്‌ളീല സംഭാഷണം നടത്തിയത് ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നും പറഞ്ഞു. ഇതേത്തുടര്‍ന്നാണ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതും തിരിച്ച് മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയതും.