എകെജി സെന്റര്‍ ആക്രമണ കേസില്‍ തുടര്‍ അന്വേഷണം വൈകുന്നു. കേസ് ക്രൈംബ്രാഞ്ചിന് വിട്ട് നാല് ദിവസമായിട്ടും അന്വേഷണസംഘം രൂപീകരിച്ചിട്ടില്ല. സംഭവത്തിലെ യഥാര്‍ത്ഥ പ്രതിയിലേക്കുള്ള അന്വേഷണം പൊലീസ് വഴിതെറ്റിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍.
സ്‌ഫോടക വസ്തു എറിഞ്ഞതാരാണെന്ന് കണ്ടെത്താന്‍ പൊലീസിന്റെ പ്രത്യേകസംഘം 23 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും പാളിപ്പോയി.
ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകിട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായി. അതിന് ശേഷം രണ്ട് പ്രവൃത്തി ദിവസമടക്കം കഴിഞ്ഞിട്ടും കേസ് അന്വേഷിക്കേണ്ട ക്രൈംബ്രാഞ്ച് സംഘത്തെ രൂപീകരിച്ചില്ല.
ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചതോടെ പൊലീസ് അന്വേഷണം ഈ കേസില്‍ അവസാനിക്കുകയും ചെയ്തു.