എകെജി സെന്റര്‍ ആക്രമണ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. ആക്രമണം നടന്ന് ഇരുപത്തിമൂന്നാം ദിവസമാണ് നടപടി.
സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണമെങ്കിലും ഇതില്‍നിന്ന് ഒരു നേട്ടവുമുണ്ടാക്കാനായിരുന്നില്ല. സി.സി.ടി.വി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സി-ഡാക്കിലും പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ഡല്‍ഹി വരേയും പോലീസ് പോയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ എന്‍ലാര്‍ജ് ചെയ്യാന്‍ കഴിയാതാവുകയും പ്രതിയെ തിരിച്ചറിയാന്‍ പറ്റാതെ വരികയുമായിരുന്നു.
ഇതിന് പിന്നാലെ പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്‌കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. ഇതോടെ ഈ വഴിക്കുള്ള അന്വേഷണവും മുട്ടി.
കഴിഞ്ഞ ജൂണ്‍ 30-ന് രാത്രി 11.30 ഓടെയായിരുന്നു എ.കെ.ജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ആക്രമണം നടത്തിയത് കോണ്‍ഗ്രസ്സുകാരാണന്ന് ഉറപ്പിച്ച് പറഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തിയതോടെ സംഭവം വന്‍ വിവാദമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.