എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന ആക്ഷേപത്തിന് കാരണമായ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. ഇയാളെ ചോദ്യം ചെയ്തതിലൂടെ ആക്രമണത്തില്‍ പങ്കില്ലെന്ന് വ്യക്തമായെന്നും തട്ടുകടക്കാരന്‍ പ്രാദേശിക സി.പി.എം നേതാവിന്റെ ഫോണിലേക്ക് വിളിച്ചെന്ന ആക്ഷേപം തെറ്റാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
അതേസമയം എകെജി സെന്ററില്‍ ആക്രമണം നടത്തിയ പ്രതിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. പ്രതിയെ പിടകൂടാത്തത് ആക്രമണത്തിന് പിന്നില്‍ സിപിഎം ആയതുകൊണ്ടാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാജാജി നഗര്‍ സ്വദേശിയായ തട്ടുകടക്കാരനെ രണ്ടാം പ്രതിയെന്ന് സംശയിച്ച് പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുക്കുകയും ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.
ആക്രമണം നടന്നതിന് പിന്നാലെ തട്ടുകടക്കാരന്‍ തിരുവനന്തപുരത്ത് കൗണ്‍സിലറായിരുന്ന സി.പി.എം നേതാവിനെ വിളിച്ചെന്നും ഇത് വ്യക്തമായതോടെ ഇയാളെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് വിട്ടയക്കുകയായിരുന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു. തട്ടുകടയിലേക്ക് വെള്ളം എടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ എ.കെ.ജി സെന്ററിന് സമീപത്ത് എത്തിയത്. ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് സിപിഎം നേതാവിനെ വിളിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും അന്വേഷണസംഘം വിശദീകരിച്ചു.