തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചതിന് ആലപ്പുഴയിലെ മറ്റൊരു റിസോര്‍ട്ടിനെതിരെയും നടപടി. ചേര്‍ത്തല കോടം തുരുത്തിലെ എമറാള്‍ഡ് പ്രിസ്റ്റീന്‍ പൊളിക്കാന്‍ നിര്‍ദേശം നല്‍കിയത്. കായല്‍ കൈയ്യേറിയും തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചതിനുമാണ് നടപടി. ഉളവൈപ്പ് കായലിന് നടുവിലുള്ള ഒഴുകി നടക്കുന്ന കോട്ടേജുകള്‍ അടക്കം മുഴുവന് കെട്ടിടങ്ങളും ഒരു മാസത്തിനകം പൊളിക്കണം എന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
ഉളവൈപ്പ് കായലിന് നടുവില്‍ 2006ല്‍ എമറാള്‍ഡ് പ്രിസ്റ്റീന്‍ എന്ന പേരില്‍ ആഡംബര റിസോര്‍ട് വരുന്നത്. തങ്ങളുടെ ഉപജീവനത്തെ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ബാധിക്കുന്നു എന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രധാന പരാതി. തീരദേശ പരിപാലന നിയമനം ഷെഡ്യൂള്‍ഡ് മൂന്നില്‍ വരുന്ന പ്രദേശമാണിത്.
തീരദേശ പരിപാലനനിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് കോടംതുരുത്ത് പഞ്ചായത്ത് അധികൃതര്‍ റിസോര്‍ട്ടിന് അനുമതി നല്‍കിയതെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് നിയമ നടപടികളിലേക്ക് കടന്നത്. 2018 ല്‍ പഞ്ചായത്ത് റിസോര്‍ട്ടിന് സ്റ്റോപ്പ് മോമോ നല്‍കി. തുടര്‍ന്ന് ഉടമകള്‍ ഹൈക്കോടതിയിലെത്തി. എന്നാല്‍, ഉടമകളുടെ വാദങ്ങള്‍ അംഗീകരിക്കാതെ കളക്ടറോട് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
എമറാള്‍ഡ് പ്രിസ്റ്റീന്‍ 15 മീറ്റര്‍ കായല്‍ കൈയേറിയാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. കോസ്റ്റല്‍ സോണ്‍ റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ഇല്ലെന്നും തീരദേശ ചട്ടങ്ങള്‍ ലംഘിച്ചെന്നും കാട്ടി കഴിഞ്ഞ ജനുവരി 27 ന് കലക്ടര്‍ ഉത്തരവിറക്കി. ഇതോടെയാണ് പൊളിക്കാന്‍ നടപടി തുടങ്ങിയിരിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിക്കണം എന്നാവശ്യപ്പെട്ട് റിസോര്‍ട്ട് ഉടമകള്‍ക്ക് കഴിഞ്ഞ 14 ന് പഞ്ചായത്ത് നോട്ടീസ് നല്‍കി. ഒരു മാസമാണ് സമയപരിധി നല്‍കിയിരിക്കുന്നത്.
ആദ്യം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വില്ലകള്‍ പൊളിച്ചുനീക്കാനാണ് പഞ്ചായത്ത് അധികൃതര്‍ക്ക് ലഭിച്ച നോട്ടിസിലെ നിര്‍ദേശം. മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുമെന്ന പരാതിയെത്തുടര്‍ന്നാണ് ഉത്തരവ്.
അതേസമയം, പാണാവള്ളി കാപികോ റിസോര്‍ട്ട് പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ വി.ആര്‍.കൃഷ്ണ തേജ നേരിട്ടെത്തി വിലയിരുത്തി.
സമയബന്ധിതമായി പൊളിക്കല്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.റിസോര്‍ട്ടിലെ 54 വില്ലകളില്‍ 34 വില്ലകള്‍ പൂര്‍ണമായി പൊളിച്ചു. 7 വില്ലകള്‍ ഭാഗികമായി പൊളിച്ചു. 13 വില്ലകളും ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന പ്രധാന കെട്ടിടവും പൊളിക്കാനുണ്ട്. മാര്‍ച്ച് 28ന് മുന്‍പ് റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. മാര്‍ച്ച് 20നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് റിസോര്‍ട്ട് പ്രതിനിധികള്‍ മറുപടി കൊടുത്തു. കെട്ടിട അവശിഷ്ടങ്ങള്‍ മാര്‍ച്ച് ഒന്നോടെ നീക്കിത്തുടങ്ങുമെന്നും പറഞ്ഞു.