കുട്ടനാട്ടില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിക്ക് പിന്നാലെ പോയ പോലീസ് സത്യം തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടി. അമ്മ വഴക്ക് പറഞ്ഞതിന് തട്ടിക്കൊണ്ട് പോകല്‍ കഥ പെണ്‍കുട്ടി തന്നെ രൂപപ്പെടുത്തി എടുത്തതാണ്. കൈനകരിയില്‍ നിന്നു കല്ലുപാലത്തിനു സമീപമുള്ള സ്ഥാപനത്തില്‍ പഠിക്കാനെത്തിയ പത്തൊന്‍പതുകാരിയെ വാനില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി
തുവ്വാലകൊണ്ട് മുഖം മൂടിയയാള്‍ തന്നെ അബോധാവസ്ഥയിലാക്കി വനില്‍ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നെന്നാണ് കുട്ടി പറഞ്ഞത്. തനിക്ക് വൈകുന്നേരം ബോധം തിരികെ കിട്ടിയപ്പോള്‍ താന്‍ തുറവൂര്‍ ജംക്ഷന് സമീപത്തായിരുന്നു. അവിടെ വാനില്‍ നിന്നും ഓടി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. കുത്തിയതോട് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലീസ് എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് ബന്ധുക്കളെ വിവരം അറിയിച്ചു.
എന്നാല്‍ പിന്നീടാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തറിയുന്നത്. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ വഴക്ക് പറഞ്ഞു. ഇതില്‍ വിഷമിച്ച് ബസില്‍ കയറി കലൂരിലെത്തിയ പെണ്‍കുട്ടി അവിടെ പ്രാര്‍ത്ഥനാലയത്തില്‍ പോയി. പിന്നീട് ഒരു കന്യാസ്ത്രീയെ കാണാനായുള്ള യാത്രക്കിടെ അമ്മയുടെ ഫോണ്‍ എത്തി. വിഷമം തോന്നിയ പെണ്‍കുട്ടി തട്ടിക്കൊണ്ട് പോക്ക് കഥ ഉണ്ടാക്കി പോലീസിനെ അറിയിച്ചുവെന്ന് പോലീസ് പറയുന്നു.
വനിത പോലീസ് പെണ്‍കുട്ടിയോട് വിശദമായി കാര്യങ്ങള്‍ തിരക്കിയതോടെയാണ് കഥ പുറത്താകുന്നത്. രാത്രിയില്‍ പൊലീസ് ജീപ്പില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. അച്ഛന്‍ മരിച്ചതിനാല്‍ അമ്മ കൂലിപ്പണി ചെയ്താണ് വിദ്യര്‍ഥിനിയുള്‍പ്പെടെ 3 പെണ്‍മക്കളെ വളര്‍ത്തുന്നത്