സംസ്ഥാനത്ത് മദ്യപന്മാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബെവ്‌കോ. രാത്രി 9 വരെയാണ് സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം. എന്നാല്‍ നീണ്ട നിരയില്‍ നേരത്തെ ഇടം പിടിച്ചാലും 9 മണിയ്ക്കുള്ളില്‍ കൗണ്ടറിലെത്തിയില്ലെങ്കില്‍ മദ്യം ലഭിക്കില്ല. നിരാശയോടെ മടങ്ങേണ്ടി വരുന്നവര്‍ക്ക് തുടര്‍ന്നുള്ള അവസരം ബാറുകളില്‍ മാത്രമാണ്.
എന്നാല്‍ ബാറുകളില്‍ നിന്ന് മദ്യം വാങ്ങുമ്പോള്‍ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന വില സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതല്ല. ആയിരം രൂപയോ അതില്‍ താഴെയോ വരുമാനമുള്ള ദിവസക്കൂലിക്കാര്‍ക്ക് ഉള്‍പ്പെടെ ബാറില്‍ നിന്ന് മദ്യം വാങ്ങുന്നത് കുടുംബത്തിന്റെ സാമ്പത്തിക നിലയ്ക്ക് തന്നെ വലിയ പ്രതിസന്ധി സൃഷ്ടിക്കും.
ഇതിനൊരു പരിഹാരമാണ് ബെവ്‌കോയുടെ പുതിയ തീരുമാനം. രാത്രി 9 കഴിഞ്ഞാലും മദ്യം വാങ്ങാനുള്ള വരിയില്‍ ആളുണ്ടെങ്കില്‍ ഔട്ട്‌ലറ്റ്‌ലെറ്റുകള്‍ അടയ്ക്കാന്‍ പാടില്ലെന്നാണ് ബെവ്‌കോയുടെ പുതിയ ഉത്തരവ്. വരിയില്‍ നില്‍ക്കുന്ന അവസാന ഉപഭോക്താവിനും മദ്യം നല്‍കിയതിന് ശേഷം മാത്രമേ ഔട്ട്‌ലെറ്റ് അടയ്ക്കാന്‍ പാടുള്ളൂ.
വെയര്‍ഹൗസ് മാനേജരെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഷോപ്പ് ഇന്‍ ചാര്‍ജുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
Read more
എന്നാല്‍ പല ഔട്ട്‌ലറ്റ്‌ലെറ്റുകളിലും ഒമ്പത് മണി കഴിഞ്ഞാലും വരിയില്‍ ആളുകളുണ്ടാകും. ചില ഔട്ട്‌ലറ്റ്‌ലെറ്റുകള്‍ക്ക് സമയം കഴിഞ്ഞതിന്റെ പേരില്‍ മദ്യം നല്‍കാന്‍ വിസമ്മതിക്കാറുണ്ട്. ഇതേ തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.