ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുസ്ലിം മതപണ്ഡിതര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. വിവിധ മുസ്ലിം സംഘടനാ നേതാക്കളായ ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, തോന്നയ്ക്കല്‍ ഉവൈസ് അമാനി, പനവൂര്‍ സഫീര്‍ ഖാന്‍ മന്നാനി, എആര്‍ അല്‍ അമീന്‍ റഹ്‌മാനി എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തുമായി മുസ്ലിം മതപണ്ഡിതര്‍ കൂടിക്കാഴ്ച നടത്തിയത്. ശബരിമല മണ്ഡലകാലം വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ദേവസ്വം ബോര്‍ഡിനെ മത പണ്ഡിതന്‍മാര്‍ അഭിനന്ദിച്ചു.
മകരവിളക്ക് തീര്‍ത്ഥാടന കാലത്തും ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട മത പണ്ഡിതര്‍ ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അതേസമയം മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഇന്ന് നട തുറന്നു. ഇതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി.