ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തയാളെ ഇമാം കൗണ്‍സിലില്‍നിന്ന് പുറത്താക്കി

കോട്ടയത്ത് ന്യൂനപക്ഷമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് സ്‌നേഹസംഗമത്തില്‍ പങ്കെടുത്തതിന് കോട്ടയം ഇമാമിനെ ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ പുറത്താക്കി. കഴിഞ്ഞ 17ന് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുത്തതിന് ഇമാം മുഹമ്മദ് സാദിഖ് മൗലവിയെയാണ് പുറത്താക്കിയത്.

വിവിധമതപുരോഹിതര്‍ പങ്കെടുത്ത സ്‌നേഹസംഗമത്തില്‍ വര്‍ഗഭേദമില്ലാതെ പങ്കെടുത്ത ഇമാമിനെയാണ് കൗണ്‍സില്‍ പുറത്താക്കിയത്. ഞാന്‍ പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള വ്യക്തിയല്ല. പക്ഷെ ഏത് സദസില്‍ പോയാലും എന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. പൊതുവേദിയില്‍ വര്‍ഗഭേദമില്ലാതെ പങ്കെടുക്കുന്ന ഇമാം എന്ന നിലയിലായിരിക്കാം എന്നെ ക്ഷണിച്ചത്. എന്നാണ് സംഭവത്തിനോട് ഇമാം പ്രതികരിച്ചത്. എന്നാല്‍ ഇമാം കൗണ്‍സില്‍ പ്രതികരിക്കാന്‍ തയാറായില്ല.

ക്രിസ്മസ് സംഗമത്തില്‍ പങ്കെടുത്തതിന് ശേഷം സംഘപരിവാറിന്റെ പോഷകസംഘടനയുടെ പരിപാടിയിലും പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ഇമാമിനെ കൗണ്‍സില്‍ പുറത്താക്കിയത്. മതതീവ്രവാദ സംഘടനയുടെ സമ്മര്‍ദ്ദത്തിലാണ് ഇമാമിനെ കൗണ്‍സില്‍ പുറത്താക്കിയതെന്ന് ബിജെപി ആരോപിച്ചു.