തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനുള്ള സര്‍വ്വകക്ഷി യോഗം ഇന്ന്. തദ്ദേശ തിരഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍ നീട്ടണമെന്ന നിലപാടിലാണ് എല്‍ഡിഎഫും യുഡിഎഫും. ജനുവരിയില്‍ പുതിയ ഭരണസമിതി വരുന്ന രീതിയില്‍ പുനഃക്രമീകരിക്കാനാണ് സര്‍ക്കാര്‍ ആലോചന.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വീട് കയറി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ദുഷ്‌കരമാണെന്നും എല്‍ഡിഎഫും യുഡിഎഫും ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തിലാണ് ജനുവരിയില്‍ പുതിയ ഭരണസമിതി വരുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് ക്രമീകരിക്കാനുള്ള നീക്കം. നിലവില്‍ നവംബറിലാണ് പുതിയ ഭരണസമിതി വരേണ്ടത്. ഇതിന് നിയമപരമായ പ്രാബല്യം വേണ്ടിവരും. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ അഭിപ്രായം.